കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൃദയവാൽവ് മാറ്റിവെക്കൽ അപൂർവ ശസ്ത്രക്രിയ നടത്തി
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗത്തിൽ ഹൃദയം തുറക്കാതെ ഹൃദയത്തിലെ വലതു മേലറയ്ക്കും കീഴറയ്ക്കും ഇടയിലുള്ള ത്രിദള വാൽവ് മാറ്റിവച്ചുള്ള അപൂർവ ശസ്ത്രക്രിയ നടത്തി. ഹൃദയത്തിന്റെ വലതുവശത്തുള്ള വാൽവിന്റെ ഗുരുതരമായ ചോർച്ച കാരണം അവശതയിലായ അറുപതുകാരനായ തലശ്ശേരി സ്വദേശിക്കാണ് കാർഡിയോളജി വിഭാഗം മേധാവി ഡോ. എസ്.എം.അഷറഫിന്റെ നേതൃത്വത്തിൽ ഡോ. ബിജു ഉൾപ്പെടെയുള്ളവർ വാൽവ് മാറ്റിവെച്ചത്. ആദ്യമായാണ് ഹൃദയത്തിലെ വലതുവശത്തെ വാൽവ് ഈ രീതിയിൽ വിജയകരമായി മാറ്റിവെക്കുന്നെന്ന് സംഘം അവകാശപ്പെട്ടു. ഓപ്പൺ ഹാർട്ട് സർജറികൾക്കുള്ള ഭീമമായ ചെലവും മുറിവുകൾ ഉണങ്ങി നെഞ്ച് പൂർവസ്ഥിതി കൈവരിക്കാനുള്ള കാലതാമസവും പുത്തൻ രീതിക്കുണ്ടാകില്ല. കൂടാതെ നെഞ്ചും ഹൃദയവും തുറന്നുള്ള മേജർ ശസ്ത്രക്രിയക്ക് ശേഷമുണ്ടാകാനിടയുള്ള അണുബാധയും മറ്റു സങ്കീർണതകളും ഒഴിവാക്കാനാകും. നേട്ടം കൈവരിക്കാൻ സാധിച്ച കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തെ ആസ്പത്രി അധികൃതർ അനുമോദിച്ചു.