പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യം; സംയുക്ത മോർച്ച കണ്ണൂരിൽ നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ചിൽ സംഘർഷം
കണ്ണൂർ : എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംയുക്ത മോർച്ച കണ്ണൂരിൽ നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തിങ്കളാഴ്ച രാവിലെ 12 മണിയോടെയാണ് സംയുക്ത മോർച്ച പ്രതിഷേധം കമ്മീഷണർ ഓഫീസിന് അടുത്തെത്തിയത്. ബാരിക്കേഡ് കെട്ടി പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു തുടർന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻറ് എൻ ഹരിദാസ് അധ്യക്ഷതവഹിച്ചു.യോഗത്തിനു ശേഷം വീണ്ടും പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത് സംഘർഷത്തി നിടയാക്കി. പോലീസുമായി ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു.റോഡ് ഉപരോധിച്ച പ്രവർത്തകരെ എ.സി.പി ടി കെ രത്നകുമാർ, ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് നീക്കിയത് കൂടുതൽ സംഘർഷത്തിനിടയാക്കി. പ്രവർത്തകർ പോലീസ് ജീപ്പിന്റെ താക്കോൽ ഊരിയതും സംഘർഷത്തിന് വഴിവെച്ചു. അഡ്വക്കേറ്റ് കെ പ്രകാശ് ബാബു, എൻ ഹരിദാസ് തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നേതാക്കളെ വിട്ടയക്കണമെന്നാവ ശ്യപ്പെട്ട് പ്രവർത്തകർ പോലീസ് സ്റ്റേഷനു മുന്നിൽ മുദ്രാവാക്യം വിളിച്ചു നേതാക്കൾ പോലീസുമായി സംസാരിച്ചതിനെ തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു