ആലക്കോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
ആലക്കോട് : കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. ഉദയഗിരി പഞ്ചായത്ത് മാവുംതട്ട് നഗറിൽ പുതുശേരി കല്യാണി (65)ക്കാണ് പരിക്കേറ്റത്. വ്യാഴം വൈകിട്ട് 5.30നാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ കല്യാണി ജോലി കഴിഞ്ഞ് വീട്ടിലെത്തി തുണി അലക്കുന്നതിനിടെ കാട്ടുപന്നി കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഗുതുതര പരിക്കേറ്റ ഇവരെ ഉടൻ ആലക്കോട് സഹകരണ ആശുപത്രിയിലും തുടർന്ന് കണ്ണൂർ എ കെ ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാവുംതട്ട് റോഡിലൂടെ ഓടിവന്ന കാട്ടുപന്നി ആൾക്കൂട്ടത്തെ കണ്ട് വെപ്രാളത്തിൽ വീട്ടുമുറ്റത്തെത്തി വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന ചെറുമകൾ അനാമിക (മൂന്ന്) അത്ഭുതകരമായി രക്ഷപ്പെട്ടു. ജനവാസ കേന്ദ്രത്തിലുണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തിൽ പ്രദേശവാസികൾ ഭീതിയിലാണ്. ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരനും വനം വകുപ്പ് ഉദ്യോഗസ്ഥരും കല്യാണിയെ സന്ദർശിച്ചു.