ആശുപത്രിയിലും വീടുകളിലും മോഷണം; ആശുപത്രിയിൽ വാതിൽ കുത്തി തുറന്ന് കൗണ്ടറിൽ സൂക്ഷിച്ച പണം കവർന്നു
കണ്ണൂർ : തളാപ്പിൽ ആശുപത്രിയിലും വീടുകളിലും മോഷണം. ആശുപത്രിയിൽ വാതിൽ കുത്തി തുറന്ന് കൗണ്ടറിൽ സൂക്ഷിച്ച പണം കവർന്നു. മാക്സ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെ ഒന്നര മണിയോടെയാണ് മുഖം മറച്ചെത്തിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച അരലക്ഷം രൂപ കവർന്നത്. ആശുപത്രി അഡ്മിനിസ്ട്രേറ്റർ പി.കെ.പി ഷാജറിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു.
ആശുപത്രിയുടെ പിറകുവശത്തെ ഒന്നാം നിലയിലെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് താഴെനിലയിലുളള കൗണ്ടറിൽ മേശവലിപ്പ് തകർത്താണ് പണം കവർന്നത്. കൈയിൽ ആയുധവുമായി മുഖം പാതി മറച്ച നിലയിലെത്തി ഒന്നാം നിലയിൽ നിന്ന് ഇറങ്ങി വന്ന മോഷ്ടാവ് കൗണ്ടറിനകത്ത് പ്രവേശിച്ച് ടോർച്ചടിക്കുന്നതും മേശ കുത്തി തുറന്ന് പണം മോഷ്ടിച്ച് തിരിച്ചു പോവുന്നതും ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളിലുണ്ട്. സുരക്ഷാ ജീവനക്കാരൻ അവധിയായതിനാൽ ആശുപത്രി ജീവനക്കാർ മുൻവശത്തെ ഗേറ്റ് അടച്ച് ഉറങ്ങാൻ കിടന്ന സമയത്തായിരുന്നു കവർച്ച. കാലത്ത് ആറു മണിയോടെയാണ് ജീവനക്കാർ മേശ കുത്തി തുറന്ന നിലയിൽ കണ്ടത്. ബാങ്കിൽ അടക്കാനായി വച്ച പണമാണ് നഷ്ടമായത്. ആശുപത്രിക്കടു ത്ത വീടുകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്.