പായസവൈവിധ്യവുമായി ഓണം മധുരതരമാക്കാൻ കെടിഡിസി; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
കണ്ണൂർ : പാലട, പരിപ്പ് പ്രഥമൻ, അടപ്രഥമൻ, പാൽപായസം, പഴംപ്രഥമൻ കൂടാതെ ലൂം ലാൻഡ് സ്പെഷ്യൽ പായസവും. പായസവൈവിധ്യവുമായി കെടിഡിസിയുടെ ലൂം ലാൻഡ് പായസമേള താവക്കരയിൽ ആരംഭിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ രത്നകുമാരി അധ്യക്ഷയായി. ആദ്യവിൽപ്പന മേയർ മുസ്ലിഹ് മഠത്തിലിൽനിന്നും സുനിതാ ഫർണിച്ചർ ഡയറക്ടർ തമ്പാൻ ഏറ്റുവാങ്ങി. തനത് കേരളീയ രീതിയിൽ പരമ്പരാഗത രുചിയും ഗുണവും മണവും നിലനിർത്തിയുള്ള പായസങ്ങളാണ് മേളയിലുള്ളത്. തിരുവോണനാൾവരെ മേളയുണ്ടാകും. ലൂം ലാൻഡിനും ജില്ലാ പഞ്ചായത്ത് കാര്യാലയത്തോട് ചേർന്നും ഓരോ കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്. പായസമേളയ്ക്കൊപ്പം മൂന്നുമുതൽ കെടിഡിസി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കും. പായസം ലിറ്ററിന് 400 രൂപയും അരലിറ്ററിന് 220 രൂപയും കപ്പിന് 50 രൂപയുമാണ്. ഓണസദ്യയ്ക്ക് 450 രൂപയും പാർസലിന് 500 രൂപയുമാണ്. ഓണസദ്യയും പായസവും മുൻകൂർ ബുക്കിങ്ങിന് 9400008681, 04972 700717, 04972 960100 വിളിക്കാം. കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സുരേഷ്ബാബു എളയാവൂർ, കെടിഡിസി ഡയറക്ടർ ബോർഡംഗം യു ബാബു ഗോപിനാഥ്, ലും ലാൻഡ് മാനേജർ സി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.