കണ്ണൂർ തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്നുമുതൽ ഓട്ടം നിർത്തും
കണ്ണൂർ : കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിൽ ബുധനാഴ്ചമുതൽ സ്വകാര്യ ബസുകൾ ഓട്ടം നിർത്തിവെക്കും. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി നടാൽ എടക്കാട് പഴയ ദേശീയപാത അടച്ചതിൽ പ്രതിഷേധിച്ചാണ് സമരം. നടാൽ റെയിൽവേ ഗേറ്റ് കടന്നയുടനെ ബസുകളെ ചാല ബൈപാസിലേക്ക് കടത്തിവിട്ട് തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇത്തരത്തിൽ റൂട്ട് മാറി ഓടുന്നത് കാരണം ട്രിപ്പുകൾ സമയത്തിന് പൂർത്തിയാക്കാൻ പറ്റുന്നില്ലെന്നാണ് ബസ് ഉടമകളുടെയും ജീവനക്കാരുടെയും വാദം. സമീപഭാവി യിൽ തന്നെ ഇപ്പോൾ വഴിതിരിച്ചുവിട്ട റോഡും അടയ്ക്കുമെന്നും ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാതയിലേക്ക് തിരിച്ചോടേണ്ടി വരുമെന്നും ഉടമകൾ പറയുന്നു. ഇങ്ങനെയായാൽ ഏഴ് കിലോമീറ്റർ അധികം ഓടേണ്ടിവരും.