പഴയങ്ങാടി മെഡിക്കല്‍ ഷോപ്പിൽ നിന്നും മരുന്ന് മാറി നൽകി; പിഞ്ചുകുഞ്ഞിൻ്റെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ
കണ്ണൂർ : പഴയങ്ങാടി നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കിയതിനെ തുടർന്ന് പിഞ്ചുകുഞ്ഞിൻ്റെ ആരോഗ്യ നില അപകടാവസ്ഥയിലായതായി പരാതി. മാറി കൊടുത്തമരുന്ന് കഴിച്ച എട്ടു മാസം പ്രായമുള്ള കുട്ടിക്കാണ് കരളിന് അസുഖം ബാധിച്ചത്. കുഞ്ഞിൻ്റെ ബന്ധുവിൻ്റെ പരാതിയിൽ പഴയങ്ങാടി പൊലിസ് കേസെടുത്തിട്ടുണ്ട്. പഴയങ്ങാടിയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെയാണ് ചെറുകുന്ന് പൂങ്കാവിലെ മുക്കോലക്കല്‍ വീട്ടില്‍ ഇ.പി.അഷറഫ് പരാതി നല്‍കിയത്. അഷറഫിന്റെ സഹോദരന് ഇ.പി.ഷമീറിന്റെ എട്ട് മാസം പ്രായമുള്ള മുഹമ്മദ് എന്ന കുട്ടിക്കാണ് മരുന്ന് മാറി നല്‍കിയത്.
ഇക്കഴിഞ്ഞ 8 നാണ് പനി ബാധിച്ച കുട്ടിയെ പഴയങ്ങാടിയിലെ ശിശുരോഗ വിദഗ്ധയെ കാണിച്ചത്. കാൽപോൾ സിറപ്പ് മരുന്നാണ് ഡോക്ടർ കുറിച്ചതെങ്കിലും മെഡിക്കൽ ഷാപ്പിൽ നിന്ന് അധിക ഡോസിലുള്ള കാൽപോൾ ഡ്രോപ്സാണ് നൽകിയത്. വീണ്ടും ഡോക്ടറെ കാണിച്ചപ്പോഴാണ് മരുന്ന് മാറി നൽകിയതായി കണ്ടെത്തിയത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം രക്ത പരിശോധന നടത്തി ഉടൻ കണ്ണൂരിലെ സ്വകാര്യ ആശ്വപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായതോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കുട്ടിയുടെ പിതൃസഹോദരൻ ഇ.പി. അഷ്റഫിന്റെ പരാതിയിൽ പഴയങ്ങാടി പൊലീസ് കേസെടുത്തു.