ബൗദ്ധിക സ്വത്തവകാശങ്ങളുടെ പങ്കിനെക്കുറിച്ച് ശിൽപശാല
തലശ്ശേരി : കണ്ണൂർ സർവകലാശാലയിലെ ഐ.പി.ആർ സെൽ, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺ മെന്റിന് കീഴിലുള്ള ബൗദ്ധിക സ്വത്തവകാശ വിവര കേന്ദ്രവുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസത്തിൽ ബൗദ്ധിക സ്വത്തവകാശങ്ങളുടെ പങ്കിനെക്കുറിച്ച് ശിൽപശാല സംഘടിപ്പിച്ചു. പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ സിവിൽ സർവീസ് പരിശീലന ഹാളിൽ കണ്ണൂർ സർവകലാ ശാലയിലെ ഗവേഷണ വികസന സെൽ ഡയറക്ടറും ബയോടെക്നോളജി ആൻ്റ് മൈക്രോബയോളജി വിഭാഗം പ്രൊഫസറുമായ ഡോ. അനു അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
കെ.എസ്.സി.എസ്.ടി.ഇയിലെ പേറ്റന്റ് ഇൻഫർമേഷൻ സെന്റർ കേരളയിലെ പ്രോജക്ട് സയന്റിസ്റ്റ്-I പി.സി. ചൈതന്യ സംസാരിച്ചു. ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിന്റെയും പേറ്റന്റ് നടപടിക്രമങ്ങളുടെയും വിവിധ വശങ്ങളെക്കുറിച്ചുള്ള മൂന്ന് സാങ്കേതിക സെഷനുകളാണ് വർക് ഷോപ്പിൽ അവതരിപ്പിച്ചത്. മെസ്സേഴ്സ് ലീഗലൈറ്റ്സ് ഐ.പി സർവീസസിലെ അഡ്വ.ഫെബിൻ ജെയിംസ്, നവീകരണവും സർഗാത്മകത യും സംരക്ഷിക്കുന്നതിൽ ഐ.പി.ആറിന്റെ പങ്കിനെക്കുറിച്ച് ചർച്ച ചെയ്തു. ഡൈംലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡിലെ പേറ്റന്റ് കൺസൾട്ട ന്റായ സി.ആർ. രാകേഷ്, പേറ്റന്റ് ഫയലിങ് നടപടിക്രമങ്ങളും പേറ്റന്റ് ഡ്രാഫ്റ്റിംഗിന്റെ അടിസ്ഥാനകാര്യങ്ങളും വിശദീകരിച്ചു. പേറ്റന്റ് തിരയൽ നടപടിക്രമങ്ങളെക്കു റിച്ചും ഐ.പി സംരക്ഷണത്തിനായി ഐ.പി.ആർ.ഐ.സി കെയിൽ നിന്ന് ലഭ്യമായ പിന്തുണയെക്കുറിച്ചും പി.സി. ചൈതന്യ പങ്കെടുക്കുന്നവരെ നയിച്ചു. ഐ.പി.ആർ സെല്ലിന്റെ കോർഡിനേറ്ററും സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. കവിത ബാലകൃഷ്ണൻ സ്വാഗതവും ഐ.പി.ആർ സെൽ അംഗവും രസതന്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. കെ.വി. ബൈജു നന്ദിയും പറഞ്ഞു.