വയറുവേദനയെത്തുടർന്ന് ചികിത്സ തേടിയ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് മരിച്ചു
ഇരിക്കൂർ : വയറുവേദനയെത്തുടർന്ന് ശ്രീകണ്ഠപുരത്തെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടിയ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് മരിച്ചു. ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി.ജസീർ (23) ആണ് മരിച്ചത്. ചികിത്സപ്പിഴവാണ് മരണത്തിന് കാരണമെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മിറ്റി ശ്രീകണ്ഠപുരത്തെ ആസ്പത്രിയിലേക്ക് മാർച്ച് നടത്തി.
ചൊവ്വാഴ്ച പുലർച്ചെ വയറുവേദനയെ ത്തുടർന്ന് ശ്രീകണ്ഠപുരത്തെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. വേദന കഠിനമായതോടെ കണ്ണൂരിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വൈകിട്ട് പെരുവളത്തുപറമ്പ് റഹ്മാനിയ ജുമാമസ്ജിദ് കബറിസ്താനിൽ കബറടക്കി. കോൺഗ്രസ് ഇരിക്കൂർ മണ്ഡലം ഡിജിറ്റൽ മീഡിയ കൺവീനർ കൂടിയാണ് ഇദ്ദേഹം. പിതാവ്: മുനീർ. മാതാവ്: സുബൈദ. സഹോദരങ്ങൾ: ജംഷീറ, ജംഷീർ, ജംഷാദ്, ജംഷീന, ജസീം. മരണകാരണം വ്യക്തമല്ലാത്തതിനാൽ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചു.