കുടുംബശ്രീ സംസ്ഥാന സർഗോത്സവം; രണ്ടാംസ്ഥാനം പിടിച്ചെടുത്ത് കണ്ണൂരിലെ കലാകാരികൾ
കണ്ണൂർ : കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിൽ രണ്ടാംസ്ഥാനം പിടിച്ചെടുത്തിരിക്കുകയാണ് കണ്ണൂരിലെ അംഗങ്ങൾ. കഴിഞ്ഞവർഷം മൂന്നാംസ്ഥാനത്തായിരുന്നു ജില്ല. കാസർകോട്, കാലിക്കടവിൽ നടന്ന സർഗോത്സവം അരങ്ങ്-24-ൽ 187 പോയിന്റുമായി ജില്ലയിലെ കലാകാരികൾ രണ്ടാംസ്ഥാനം നേടിയത്. നാടൻപാട്ട്, കേരളനടനം, സംഘനൃത്തം, കഥാപ്രസംഗം, മോണോആക്ട്, ട്രിപ്പിൾ ജാസ്, ലളിതഗാനം, മാപ്പിളപ്പാട്ട്, മാർഗംകളി, കവിതാരചന (മലയാളം), കവിതാപാരായണം (കന്നഡ, മലയാളം), കൊളാഷ്, കഥാരചന (അറബിക്), ചിത്രരചന (ജലച്ചായം), തിരുവാതിരകളി, കുച്ചിപ്പുഡി എന്നിങ്ങനെ 19 ഇനങ്ങളിൽ ജില്ല ഒന്നാംസ്ഥാനം നേടി. ചവിട്ടുനാടകം, നാടൻപാട്ട്, മൈ, നാടോടിനൃത്തം തുടങ്ങിയ 23 ഇനങ്ങളിൽ രണ്ടാംസ്ഥാനവും 11 ഇനങ്ങളിൽ മൂന്നാംസ്ഥാനവും നേടി. വിവിധ ഇനങ്ങളിലായി 300 കുടുംബശ്രീ അംഗങ്ങളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്. 96 പോയിന്റ് നേടിയ തൃശ്ശൂരാണ് മൂന്നാംസ്ഥാനത്ത്.