പാചകവാതക ഏജൻസികളിൽ ഗ്യാസ് സിലിണ്ടറുകളുടെ സ്റ്റോക്ക് തീരുന്നു; പാചകവാതക വിതരണം സ്തംഭനാവസ്ഥയിലേക്ക്
കണ്ണൂർ : അന്നം മുട്ടുമോ ? നാട് ആശങ്കയിലാണ്. പാചകവാതക ഏജൻസികളിൽ ഗ്യാസ് സിലിണ്ടറുകളുടെ സ്റ്റോക്ക് തീരുന്നു. പാചകവാതക വിതരണം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. ജനങ്ങൾ ഭക്ഷണമില്ലാതെ വലയും. മംഗലാപുരത്തെ സൂറത്ത്ക്കലിൽ നിന്ന് ദിവസേന 240 ട്രക്കുകളിൽ ആണ് പാചക വാതകങ്ങൾ എത്തുന്നത്. എന്നാൽ വേതന വർദ്ധനവ് ആവശ്യപ്പെട്ട് ലോറി ഡ്രൈവർമാർ സമരത്തിലായതിനാൽ പാചകവാതക സിലിണ്ടറുകളുടെ വരവ് നിലച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ജനങ്ങൾ ഭക്ഷണം കഴിക്കുന്ന ഹോട്ടലുകൾ എല്ലാം പാചകത്തിന് പാചകവാതകമാണ് ഉപയോഗിക്കുന്നത്. നഗരങ്ങളിലും ഗൃഹസാന്ദ്രതയുള്ള പ്രദേശങ്ങളിലും വീട്ടുകാർ ഭക്ഷണം പാകം ചെയ്യാൻ പാചകവാതകത്തെയാണ് പൂർണ്ണമായി ആശ്രയിക്കുന്നത്. പാചകവാതക സിലിണ്ടറുകൾ ലഭിക്കാതാകുന്നതോടെ ഭക്ഷണം പാകം ചെയ്യാനാവാതെ ജനം വലയും.