കെസിസിപിഎല്ലിന്റെ മാടായി യൂണിറ്റിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിളവ്
പഴയങ്ങാടി : പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎല്ലിന്റെ മാടായി യൂണിറ്റിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിളവ്. വിളവെടുപ്പ് ഉദ്ഘാടനം കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ് നിർവഹിച്ചു. മാനേജിങ്ങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ, പഴയങ്ങാടി യൂണിറ്റ് മാനേജർ ഒ വി രഘുനാഥൻ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. പതിറ്റാണ്ടുകളോളം ചൈനാക്ലേ ഖനനം ചെയ്തെടുത്ത ഭൂമിയിലാണ് ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷി തുടങ്ങിയത്. ചൈനാക്ലേ ഫാക്ടറി വളപ്പിലെ ഒന്നരയേക്കറിലാണ് കണ്ണിനും മനസിനും കുളിർമയേകുന്ന ഈ കാഴ്ച. കമ്പനി നടപ്പാക്കുന്ന വൈവിധ്യവൽക്കരണ ത്തിന്റെ ചുവടുപിടിച്ചാണ് കൃഷി തുടങ്ങിയത്. ഖനന ഭൂമി മണ്ണിട്ടുനികത്തി അതിൽ കമ്പനിയുടെ തന്നെ ഉൽപ്പന്നമായ അഗ്രിപിത്ത് (ചകിരിച്ചോറ്) വളമായി ഉപയോഗിച്ചാണ് ചുവപ്പ്, മഞ്ഞ ചെണ്ടുമല്ലികൃഷി ചെയ്തത്. കഴിഞ്ഞ വർഷത്തെ കൃഷിയിൽ നൂറുമേനി വിളഞ്ഞതോടെ ഈ വർഷം ഒന്നരയേക്കറിലേക്ക് വ്യാപിപ്പിച്ചു. ചെണ്ടുമല്ലി പൂക്കൾ ജനകീയ കൂട്ടായ്മയിൽ ഓണവിപണിയിൽ എത്തിക്കും. കെസിസിപിഎല്ലിലെ തൊഴിലാളികൾ വൈവിധ്യവൽക്കരണ പദ്ധതികളെ ഏറ്റെടുത്തതിന്റെ വിജയമാണിത്. നിരവധിപേരാണ് പൂ വാങ്ങാനും റീൽസ് ചിത്രീകരണത്തിനും ഫോട്ടോയും വീഡിയോയും എടുക്കാനുമായി ഇവിടെ എത്തുന്നത്. ഇവിടെ സെൽഫി പോയിന്റും ഒരുക്കുന്നുണ്ട്.