തലശേരി മാഹി ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ കവലയിലെ സിഗ്നൽ സംവിധാനം വീണ്ടും തകരാറിലായി
തലശേരി : തലശേരി–-മാഹിബൈപ്പാസിൽ ഈസ്റ്റ്പള്ളൂർ കവലയിലെ സിഗ്നൽ സംവിധാനം വീണ്ടും തകരാറിലായി. മിന്നലിൽ സോളാർപാനലിന് കേടുപറ്റിയതാണെന്ന് സംശയിക്കുന്നു. സോളാർപാനലിലാണ് സിഗ്നൽ പ്രവർത്തിക്കുന്നത്. താഴെ ചൊക്ലി– മാഹിപ്പാലം റോഡും ബൈപ്പാസും സംഗമിക്കുന്നതാണ് ഈസ്റ്റ്പള്ളൂർ സിഗ്നൽ കവല. സിഗ്നൽ തകരാറായതോടെ താഴെ ചൊക്ലി, മാഹിപ്പാലം ഭാഗങ്ങളിൽനിന്ന് ബൈപ്പാസിലേക്ക് വാഹനം പ്രവേശിക്കുന്നത് താൽക്കാലികമായി നിർത്തി. വാഹനങ്ങൾ സർവീസ് റോഡ് വഴിയാണ് കടത്തിവിടുന്നത്. ട്രാഫിക് പൊലീസിനെയും ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചു. സോളാർപാനലിന്റെ ബാറ്ററി മോഷണം പോയതിനെ തുടർന്ന് നേരത്തെ ഒന്നരമാസത്തിലേറെ സിഗ്നൽ പ്രവർത്തനരഹിതമായിരുന്നു. ബൈപ്പാസ് ഉദ്ഘാടനംചെയ്ത ഉടൻ തുടരെ അപകടം നടന്ന ഇവിടെ അടിപ്പാത നിർമിക്കാൻ എൻഎച്ച്എഐ ടെൻഡർ നൽകിയിട്ടുണ്ട്.