നാടെങ്ങും ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി; നക്ഷത്രങ്ങളും അലങ്കാര ദീപങ്ങളും വിസ്മയം തീര്‍ക്കുന്ന വീഥികള്‍
കണ്ണൂർ : നാടെങ്ങും ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങൾ എല്ലാം ഇതിനോടകം തന്നെ ദീപാലങ്കാരങ്ങളാൽ മനോഹരമാക്കിയും മറ്റും ഒരുങ്ങി കഴിഞ്ഞു. ക്രിസ്മസ് തിരക്കില്‍ അമരുന്ന തെരുവുകള്‍, നക്ഷത്രങ്ങളും അലങ്കാര ദീപങ്ങളും കൊണ്ട് കാഴ്ചയുടെ വിസ്മയം തീര്‍ക്കുന്ന വീഥികള്‍.ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി യേശു പിറന്നതിന്റെ ഓര്മ പുതുക്കി ക്രിസ്തുമസ് ആഘോഷിക്കുവാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. ജില്ലയിലെ എല്ലാ ക്രിസ്ത്യൻ ദേവാലയങ്ങളിലും തന്നെ നക്ഷത്രങ്ങളും മിന്നിത്തിളങ്ങുന്ന ദീപങ്ങളും മിഴിതുറന്നു. പാപ്പിനിശ്ശേരി ചുങ്കം സി എസ് ഐ പള്ളിയിലും വിപുലമായ ഒരുക്കങ്ങളാണ് നടന്നത്.പള്ളി മുറ്റത്ത് കൂറ്റൻ ക്രിസ്തുമസ് ട്രീയും സാന്താക്ലോസ് കട്ട് ഔട്ടും നക്ഷത്രവും ദീപാലങ്കാരവുമെല്ലാം ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ മുഴുവൻ ക്രൈസ്തവ ഭവനങ്ങളിലും തിരുപ്പിറവി സന്ദേശവുമായി എത്തുമെന്ന് റവ. ഫാ ഷിജു വർക്കി ജോൺ പറഞ്ഞു. ക്രിസ്തുമസിന്റെ വരവറിയിച്ച് കരോൾ സംഘങ്ങളും സജീവമായി. തിരുപ്പിറവിയുടെ സന്ദേശവുമായി ഭവനങ്ങൾ സന്ദർശിക്കുന്ന കരോൾ സംഘങ്ങൾ അവിസ്മരണീയ കാഴ്ചയാണ്.ദൈവപുത്രന്റെ ജനനവും ജീവിതവും ഇതിവൃത്തമാക്കിയ കരോള്‍ ഗാനങ്ങള്‍ ക്രിസ്മസ് രാത്രികളില്‍ എങ്ങും മുഴങ്ങിക്കേള്‍ക്കുന്നു.