ഇരിട്ടി കൂട്ടുപുഴയിൽ പാലത്തിനു മുകളിൽ കാട്ടുകൊമ്പൻ; ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
ഇരിട്ടി : കൂട്ടുപുഴയിൽ പാലത്തിനു മുകളി ൽ കാട്ടുകൊമ്പൻ നിലയുറപ്പിച്ചതിനെ തുടർന്ന് ഒരു മണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കൊമ്പനെ വനത്തിലേക്ക് തുരത്തി. കൂട്ടുപുഴ പാലത്തിൽ ഒറ്റയാൻ തമ്പടിച്ചത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ബംഗ്ളൂര് – തലശേരി അന്തർ സംസ്ഥാന പാതയിൽ കേരളത്തിലേക്കുള്ള പ്രവേശന കവാടമായ കൂട്ടുപുഴ പാലത്തിലാണ് ഇന്ന് ഒറ്റയാനെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതരെത്തി പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും കൊമ്പനാനയെ കർണാടക വനത്തിലേക്ക് തുരത്തി. ആന ഇറങ്ങിയതു കാരണം കർണാടകയിലേ ക്കുള്ള ഗതാഗതം ഏറെ നേരം മുടങ്ങി.