
ചാല-നടാൽ ബൈപ്പാസ് റോഡിൽ ചരക്കുലോറി കുടുങ്ങി; എടക്കാട് മുതൽ ചാല വരെ ഗതാഗതം സ്തംഭിച്ചു
എടക്കാട് : ചാല-നടാൽ ബൈപ്പാസ് റോഡിൽ ചരക്കുലോറി കുടുങ്ങി. ഇതേത്തുടർന്ന് എടക്കാട് മുതൽ ചാല വരെ ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച വൈകീട്ടാണ് ആക്സിലേറ്ററിലെ തകരാറിനെത്തുടർന്ന് ലോറി റോഡിൽ നിന്നുപോയത്. തലശ്ശേരി ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്നു ലോറി. ഇതേത്തുടർന്ന് വാഹനങ്ങൾ നടാൽ, തോട്ടട വഴി തിരിച്ചുവിട്ടു. നടാൽ റെയിൽവേ ഗേറ്റ് ഇടയ്ക്കിടെ അടയ്ക്കുകയും കൂടിയായതോടെ കുരുക്ക് രൂക്ഷമായി. വാഹനപ്പെരുപ്പം കാരണം ഗേറ്റ് അടയ്ക്കാനും ഏറെ കഷ്ടപ്പെട്ടു. എടക്കാട് ഒ.കെ.യു.പി. സ്കൂളിന് മുന്നിൽവെച്ച് വാഹനങ്ങൾ മറ്റ് വാഹനങ്ങളെ മറികടക്കാൻ ശ്രമിച്ചതും കുരുക്ക് രൂക്ഷമാകാൻ കാരണമായി. എടക്കാട് പോലീസ് കഠിനശ്രമത്തിലൂടെയാണ് ഗതാഗതസ്തംഭനത്തിന് അൽപ്പമെങ്കിലും ശമനമുണ്ടാക്കിയത്. വൈകീട്ടോടെ ക്രെയിൻ ഉപയോഗിച്ച് ലോറിയെ റോഡരികിലേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.