മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കണ്ണൂർ മേഖല രോഗ നിർണ്ണയ ലബോറട്ടറിയുടെയും ഗോവർദ്ധിനി പദ്ധതിയുടെയും ഉദ്ഘാടനം നടന്നു
കണ്ണൂർ : മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കണ്ണൂർ മേഖല രോഗ നിർണ്ണയ ലബോറട്ടറിയുടെയും ഗോവർദ്ധിനി പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം നടന്നു. ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ നടന്ന പരിപാടി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ ഇന്ത്യയിലെ 110 മേഖലാ രോഗ നിർണ്ണയ ലബോറട്ടറികളിൽ 3 എണ്ണം കേരളത്തിലാണ്. മലബാർ മേഖലയിലുള്ള റഫറൽ ലബോറട്ടറിയാണ് കണ്ണൂർ മേഖല രോഗനിർണ്ണയ ലബോറട്ടറി. നിലവിൽ പത്തോളജി, ടെലിപത്തോളജി, മോളിക്യുലാർ ബയോളജി എന്നീ ഡിവിഷനുകളാണ് ഈ ലബോറട്ടറിയിൽ ഉള്ളത്. ഇപ്പോൾ ആധുനിക സൗകര്യങ്ങളോടു കൂടിയ റിയൽ ടൈം PCR ഉപയോഗിച്ച് മൃഗങ്ങളിലെ ബാക്ടീരിയ, വൈറസ്, ഫംഗസ്, പ്രോട്ടോസോവ എന്നിവ മൂലം ഉണ്ടാകുന്ന രോഗങ്ങളുടെ നിർണ്ണയവും വെറ്റിനറി പബ്ലിക്ക് ഹെൽത്തുമായി ബന്ധപ്പെട്ടിട്ടുള്ള മൈക്രോബയോളജി ഡിവിഷനുമാണ് സജ്ജമാക്കിയിട്ടുള്ളത്. കേന്ദ്ര ഗവൺമെൻറിന്റെ സാമ്പത്തിക സഹായം ഈ പദ്ധതികൾ നടപ്പാക്കുന്നതിന് പ്രയോജനപ്പെടുത്തുന്നുണ്ട്. മൃഗ സംരക്ഷണ മേഖലയിൽ പുതിയ സംരഭകരെ കണ്ടെത്താനുള്ള പദ്ധതികൾക്കാണ് സർക്കാർ മുന്തിയ പരിഗണന നൽകുന്നതെന്ന് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ഡോ പ്രീത ഇ കെ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. വി ശിവദാസൻ എം പി വിശിഷ്ടാതിഥിയായി. ഡോ. ഒ എം അജിത, ഡോ എം വിനോദ് കുമർ, ഡോ ഷൈനി കെ, കെ പി സുധാകരൻ, വെള്ളോറ രാജൻ, ഡോ പത്മരാജ് പി കെ തുടങ്ങിയവർ പങ്കെടുത്തു.