മേലെചൊവ്വ മട്ടന്നൂർ എയർപോർട്ട് റോഡിൽ മഴ പെയ്യുന്നതോടെ കുണ്ടും കുഴിയും നിറഞ്ഞ് ചെളിക്കുളമായി
കണ്ണൂർ : മേലെചൊവ്വ മട്ടന്നൂർ എയർപോർട്ട് റോഡിൽ കാഞ്ഞിരോട് മാവേലിസ്റ്റോറിന് മുൻവശത്തെ റോഡ് മഴ പെയ്യുന്നതോടെ കുണ്ടും കുഴിയും നിറഞ്ഞ് ചെളിക്കുളമാവു കയാണ്. വാഹനയാത്രക്കാരും കാൽനട യാത്രക്കാരും ദുരിതം പേറാൻ തുടങ്ങിയിട്ട് വർഷങ്ങൾ നിരവധി ആയി. കാലവർഷം തുടങ്ങുന്നതിനു തൊട്ടു മുൻപ് കുണ്ടും കുഴിയും നിറഞ്ഞ ഈ ഭാഗം ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയിരുന്നെ ങ്കിലും മഴ പെയ്തതോടെ പഴയതിലും ഉപരിയായി റോഡ് മാറിയിരിക്കുകയാണ്.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള താൽക്കാലിക ചെപ്പടിവിദ്യ കാണിക്കുന്ന താണ് ഇന്നത്തെ റോഡിൻ്റെ അവസ്ഥക്ക് കാരണമെന്നും റോഡ് ഉയർത്തി ഇരുവശത്തും വെള്ളം ഒഴുകിപ്പോകാൻ ഡ്രൈനേജ് സ്ഥാപിക്കുകയോ പൊതുവേ ഉറവ വരുന്ന ഈ ഭാഗം ഇൻറർലോക്ക് ചെയ്യുകയോ ചെയ്ത് ശാശ്വതമായ പരിഹാരം കാണുകയാണ് അധികൃതർ ചെയ്യേണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. വൻ കുഴികൾ ഉള്ളതിനാൽ, വാഹനങ്ങൾ പതുക്കെ പോകുന്നത് കാരണം മുഴുവൻ സമയവും ഗതാഗതക്കുരുക്കും ഇവിടെ പതിവാണ്. കൂടാതെ വാഹനങ്ങൾ കുഴിവെട്ടിക്കാൻ തലങ്ങും വിലങ്ങും പോകുന്നതിനാൽ യാത്രക്കാർക്ക് റോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയുമാണ്. ഇനിയെങ്കിലും ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പ്രവർത്തി നടത്താതെ ശാശ്വതപരിഹാരം നടത്തി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന എയർപോർട്ട് റോഡിലെ ഈ ഭാഗം ഗതാഗതയോഗ്യമാക്കണ മെന്നാണ് ജനങ്ങളുടെ ആവശ്യം. തൊട്ടടുത്ത കുടുക്കിമൊട്ടയിലും ഇതേ അവസ്ഥയാണ് നിലവിലുള്ളത്.