മാതമംഗലം പെരുവാമ്പ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ : മാതമംഗലം പെരുവാമ്പ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം ശനിയാഴ്ച്ച രാവിലെ നടത്തിയ തെരച്ചിലിൽ അഗ്നിശമന സേന കണ്ടെത്തി.പെരു വാമ്പയിലെ കോടൂർ മാധവിയാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. പുഴയിൽ കുറ്റൂർ കൂവപ്പ ഭാഗത്താണ് ശനിയാഴ്ച്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇവരെ വ്യാഴാഴ്ച്ച വൈകിട്ട് മുതലാണ് കനത്ത മഴയിൽ കാണാതായത്. പെരുവാമ്പ പുഴയുടെ കരയിൽ ഇവരുടെ കുട കണ്ടതിനാലാണ് ഒഴുക്കിൽപ്പെട്ടുവെന്ന് ഭർത്താവിനും പ്രദേശവാസികൾക്കും സംശയം തോന്നിയത്. അഗ്നിശമന സേന വ്യാഴാഴ്ച്ചയും തൊട്ടടുത്ത ദിവസം മുഴുവനായും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച്ച രാവിലെ തെരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.