മട്ടന്നൂർ നടുവനാട് നിടിയാഞ്ഞിരത്ത് യുവാവ് കുത്തേറ്റ് മരിച്ചു
മട്ടന്നൂർ : നടുവനാട് നിടിയാഞ്ഞിരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന കന്യാകുമാരി സ്വദേശി ജസ്റ്റിൻ രാജ് (39) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ കുത്തിയ തിരുവനന്തപുരം സ്വദേശി രാജ ദുരൈ(38) യെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. ബന്ധുക്കളായ ഇരുവരും തമ്മിൽ മദ്യപിച്ചുണ്ടായ വാക്തർക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ചാവശ്ശേരിയിലെ ഇൻറർലോക്ക് കമ്പനിയിൽ ജോലിക്കാരാണ് ഇരുവരും. ദേഹമാസകലം കുത്തേറ്റ ജസ്റ്റിനെ മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസ് രാജയെ കസ്റ്റഡിയിലെടുത്തു. രാജയുടെ കുടുംബവും നിടിയാഞ്ഞിരത്ത് താമസിക്കുന്നുണ്ട്. മട്ടന്നൂർ ഇൻസ്പെക്ടർ എം.അനിലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തുണ്ട്. ഇൻക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.