ജില്ലാ കേരളോത്സവം; 240 പോയിന്റോടെ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ചാമ്പ്യൻമാരായി
കണ്ണൂർ : ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്റെ കലാമത്സരങ്ങളിൽ 240 പോയിന്റോടെ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ചാമ്പ്യൻമാരായി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 211 പോയിന്റോടെ കണ്ണൂർ കോർപ്പറേഷൻ രണ്ടാം സ്ഥാനം നേടി. തൊട്ടുപിന്നിൽ 207 പോയിന്റോടെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്താണ് മൂന്നാം സ്ഥാനത്ത്. മട്ടന്നൂർ നഗരസഭയിലെ നീലാംബരി പി നായർ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരി നഗരസഭയിലെ വി വൈഷ്ണവ് കലാപ്രതിഭയായി. 104 പോയിന്റ് നേടി തലശ്ശേരി ടെമ്പിൾ ഗേറ്റിലെ ജഗന്നാഥമന്ദിരം മികച്ച ക്ലബ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 87 പോയിന്റ് നേടിയ തിലാന്നൂർ യൂണിവേഴ്സൽ ക്ലബ്ബിനാണ് രണ്ടാം സ്ഥാനം.
നാടോടി നൃത്തം (സിംഗിൾ, ഗ്രൂപ്പ്), സംഘനൃത്തം തുടങ്ങിയ ജനകീയ നൃത്ത ഇനങ്ങളും നാടകവും കേരളോത്സവത്തിന്റെ സമാപനദിനത്തെ സമ്പന്നമാക്കി. നാടോടിപ്പാട്ട് (സിംഗിൾ, ഗ്രൂപ്പ്), നാടോടിപ്പാട്ട്, സംഘഗാനം, ദേശഭക്തിഗാനം, വള്ളംകളിപ്പാട്ട് കുട്ടനാടൻ, വള്ളംകളിപ്പാട്ട് ആറൻമുള, ഫ്ളൂട്ട്, വീണ, തബല, മൃദംഗം, ഹാർമോണിയം ലൈറ്റ്, ഗിറ്റാർ, വയലിൻ ഈസ്റ്റേൺ, വയലിൻ വെസ്റ്റേൺ, കവിതാലാപനം മലയാളം, പ്രസംഗം മലയാളം, ചെണ്ട, ചെണ്ടമേളം എന്നീ മത്സരങ്ങളും അരങ്ങേറി. മത്സരങ്ങൾ മികച്ച നിലവാരം പുലർത്തിയതായി വിധികർത്താക്കൾ പറഞ്ഞു. അഴീക്കോട് എച്ച്എസ്എസ്, അക്ലിയത്ത് എൽപി സ്കൂൾ, അഴീക്കോട് ബാങ്ക് ഹാൾ, അഴീക്കോട് പഞ്ചായത്ത് സ്റ്റേഡിയം എന്നീ നാല് വേദികളിലായാണ് കലാമത്സരങ്ങൾ നടന്നത്. സംസ്ഥാന തല, ദേശീയതല മത്സരങ്ങൾ പ്രത്യേകമായാണ് നടത്തിയത്. വിജയികൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും.
സമാപന സമ്മേളനം കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്നകുമാരി അധ്യക്ഷയായി. ഇവർക്ക് പുറമെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്സൻ അഡ്വ. ടി സരള, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, യുവജന ക്ഷേമ ബോർഡ് അംഗം വി കെ സനോജ്, ജില്ലാ കോ ഓർഡിനേറ്റർ സരിൻ ശശി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പ്രസീത തുടങ്ങിയവർ നേതൃത്വം നൽകി.