അഖിലേന്ത്യാ കിസാൻസഭയുടെ കേന്ദ്ര കിസാൻ കൗൺസിൽ യോഗം കണ്ണൂരിൽ
കണ്ണൂർ : അഖിലേന്ത്യാ കിസാൻസഭയുടെ കേന്ദ്ര കിസാൻ കൗൺസിൽ യോഗം കണ്ണൂരിൽ. 28, 29, 30 തീയതികളിൽ നടക്കുമെന്ന് സ്വാഗതസംഘം കൺവീനർ എം. പ്രകാശൻ പത്രസമ്മേളനത്തിൽ അറിയിച്ചു. നായനാർ അക്കാദമിയിലാണ് പരിപാടി. കിസാൻസഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്ളെ, ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ, അംറാ റാം എംപി തുടങ്ങിയവർ പങ്കെടുക്കും. 30-ന് വൈകീട്ട് കണ്ണൂർ ടൗൺ സ്ക്വയറിൽ സ്വീകരണ സമ്മേളനം നടക്കും.
ഇ.പി. ജയരാജൻ ചെയർമാനും എം. പ്രകാശൻ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ നടപ്പാക്കുന്ന കർഷകവിരുദ്ധ നയങ്ങൾ കർഷകരെ ആത്മഹത്യയിലേക്ക് നയിച്ചിരിക്കുക യാണ്. ഇന്ത്യൻ കമ്പോളം അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള ഒന്നാക്കി മാറ്റിയിരിക്കുകയാണ്. ഇതിനെതിരേ കർഷകരെ സംഘടിതരായി മുന്നോട്ട് നയിക്കുന്നതിൽ കിസാൻസഭ നേതൃത്വപരമായ പങ്കാണ് വഹിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, പി. ഗോവിന്ദൻ, പി. പ്രശാന്തൻ എന്നിവരും പങ്കെടുത്തു.