കണ്ണൂർ അലവിലിൽ ദമ്പതികളെ വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി
കണ്ണൂർ : അലവിലിൽ ദമ്പതികളെ വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം ഭർത്താവ് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. അലവിൽ ടൗണിനു സമീപം അനന്തൻ റോഡിൽ കല്ലാളത്തിൽ പ്രേമരാജൻ (75), ഭാര്യ ശ്രീലേഖ (69) എന്നിവരാണു മരിച്ചത്. മന്ത്രി എ.കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണു ശ്രീലേഖ. ഇന്നലെ വൈകിട്ട് ആറോടെ വീട്ടിലെത്തിയ ഡ്രൈവർ സരോഷ് കോളിങ് ബെൽ അടിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾക്കൊപ്പം വാതിൽ പൊളിച്ച് അകത്തുകയറിയ പ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇന്നലെയാണ് ഇവരുടെ മകൻ ഷിബിൻ വിദേശത്തുനിന്നു നാട്ടിലെത്തിയത്. ഷിബിനെ വിമാനത്താവളത്തിൽനിന്നു കൂട്ടിക്കൊണ്ടുവരാൻ കാറെടുക്കാൻ എത്തിയതാണ് സരോഷ്. മൃതദേഹങ്ങൾ കിടപ്പുമുറിയിൽ നിലത്തു കത്തിക്കരിഞ്ഞ നിലയിലാണ്. കിടക്കയിൽ ചുറ്റിക കണ്ടെത്തിയിട്ടുണ്ട്. ശ്രീലേഖയുടെ തലയ്ക്ക് അടിയേറ്റ പാടുകളുണ്ടെന്നു പൊലീസ് പറഞ്ഞു. പുറത്തുനിന്നുള്ള ആരുടെയും സാന്നിധ്യത്തെക്കുറിച്ചു സൂചനയില്ല. രണ്ടാൾക്കും പൊള്ളലേറ്റിട്ടു ണ്ടെങ്കിലും ചുറ്റിക കണ്ടെത്തിയതാണു കൊലപാതകമാണോ എന്ന സംശയത്തിനു കാരണം.
പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു. ഓസ്ട്രേലിയയിലുള്ള പ്രബിത്താണ് മറ്റൊരു മകൻ. മക്കൾ വിദേശത്തായതിനാൽ ഇരുവരും മാത്രമാണു വീട്ടിൽ കഴിഞ്ഞിരുന്നത്. ഇന്നലെ പകൽ മുഴുവൻ ഇവരെ വീടിനു പുറത്തു കണ്ടിരുന്നില്ലെന്നു പരിസരവാസികൾ പറയുന്നു. നേരത്തേ, കണ്ണൂരിലെ സാവോയ് ഹോട്ടലിൽ മാനേജരായിരുന്നു പ്രേമരാജൻ. സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻ രാജിന്റെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. രാത്രിയോടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.