കണ്ണൂർ നഗരത്തിൽ അനധികൃത തെരുവോര കച്ചവടം പൂർണ്ണമായും നീക്കുമെന്ന് മേയർ മുസ്ളീഹ് മഠത്തിൽ
കണ്ണൂർ : കോർപറേഷൻ പരിധിയിൽ സ്ഥലം കൈയ്യറി അനധികൃത കച്ചവടം വ്യാപിക്കുകയാണെന്ന് മേയർ മുസ്ലിഹ് മഠത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ പ്രസ്ക്ലബ് റോഡ്, പയ്യാമ്പലം, താഴെ ചൊവ്വ, മുണ്ടേരി എന്നിവിടങ്ങളിൽ ഇത്തരം കാഴ്ച്ചയുണ്ട്. ഒരോ ദിവസവും യാതൊരു മാനദണ്ഡവുമില്ലാതെ സ്ട്രീറ്റ് വെൻഡേഴ്സ് കാർഡില്ലാതെയാണ് അനധികൃത കച്ചവടം നടക്കുന്നത്. ഇത് ലൈസൻസ് നേടി കച്ചവടം ചെയ്യുന്നവരെ ബാധിക്കുന്നുണ്ട്. ഗതാഗത കുരുക്കും രൂക്ഷമാണ്. ഇങ്ങനെ വ്യാപക പരാതി വന്നപ്പോഴാണ് അനധികൃത വഴിയോര കച്ചവടക്കാര ഒഴിപ്പിക്കാൻ കോർപറേഷൻ തീരുമാനമെടുത്തത്. അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നത് തുടരുമെന്നും മേയർ മുസ്ലിഹ് മഠത്തിൽ ബിനാലെ ഹാളിൽ പറഞ്ഞു.
ഒഴിപ്പിക്കുന്ന വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ കോർപറേഷൻ പരിധിയിൽ വിവിധ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പയ്യാമ്പലത്ത് കോർപറേഷൻ സ്ഥലം കൈയ്യേറി സ്വകാര്യ വ്യക്തികൾ ബങ്കുകൾ കെട്ടി വാടകയ്ക്ക് നൽകുകയാണ്. കോർപറേഷന് യാതൊരു വരുമാനവും ലഭിക്കുന്നില്ല. ഇത്തരം കൈയ്യേറ്റം ഒഴിപ്പിക്കുന്നത് തുടരും. നഗരത്തിലെ പെട്രോൾ പമ്പുകൾ പൊതു ടൊയ്ലറ്റ് ഇല്ലാതെ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പമ്പുകൾക്കെതിരെ നടപടിയുണ്ടാവും. വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ പി ഇന്ദിര, മുൻ മേയർ ടി. ഒ മോഹനൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് ബാബു എളയാവൂർ, എം. ഷമീമ , എം പി രാജേഷ് പങ്കെടുത്തു.