എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയ്ക്കെതിരായ സംഘടനാ നടപടി ഉടന്‍ ഉണ്ടായേക്കില്ല
കണ്ണൂർ : കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയ്ക്കെതിരായ സംഘടനാ നടപടി ഉടന്‍ ഉണ്ടായേക്കില്ല. വിഷയം സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്തില്ല. ദിവ്യക്കെതിരെ തത്ക്കാലം നടപടി വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്നാണ് സൂചന. ഇന്ന് പതിവ് അജണ്ടകള്‍ മാത്രമാണ് ജില്ലാ സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായത്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമുണ്ടായ ശേഷം നടപടി കൈക്കൊള്ളാമെന്നായിരുന്നു പാര്‍ട്ടി നേതൃത്വം മുന്‍പ് അറിയിച്ചിരുന്നത്. ദിവ്യയെ പൂര്‍ണമായി കൈവിടുന്ന സമീപനം പാര്‍ട്ടി സ്വീകരിക്കില്ലെന്ന് വ്യക്തമാകുകയാണ്. നവീന്റെ മരണത്തിന് ശേഷം ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. അതേസമയം നവീനെതിരായി ദിവ്യ നടത്തിയത് ആസൂത്രിതമായ നീക്കമായിരുന്നുവെന്നും ഇത് ദിവ്യയുടെ ക്രിമിനല്‍ മനോഭാവം വെളിവാക്കുന്ന പ്രവൃത്തിയാണെന്നുമാണ് ദിവ്യയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. പി പി ദിവ്യ ഉന്നത നേതാവായതിനാല്‍ തന്നെ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. സാക്ഷികള്‍ പ്രതിയെ ഭയക്കുന്നുണ്ട്. ദിവ്യയ്ക്കെതിരെ നിലവില്‍ അഞ്ച് കേസുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
അന്വേഷണസംഘത്തോട് ദിവ്യ സഹകരിക്കുന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം. ഈ പരാമര്‍ശം റിമാന്‍ഡ് റിപ്പോര്‍ട്ടിലുമുണ്ട്. മറ്റൊരാളും ആശ്രയത്തിനില്ലാത്ത രണ്ട് പെണ്മക്കളുടെ ആശ്രയമായ ആളെ സമൂഹ മധ്യത്തില്‍ ഇകഴ്ത്തി ആത്മഹത്യയിലേക്ക് നയിച്ചുവെന്ന കേസാണ് ദിവ്യയ്ക്കെതിരെയുള്ളത്. ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സംഭവത്തിന്റെ സാക്ഷികളുടെ മൊഴികളില്‍ നിന്ന് വ്യക്തമാണ്. താന്‍ ഇതുവഴി പോയപ്പോള്‍ പരിപാടി നടക്കുന്നത് അറിഞ്ഞ് വന്നതാണെന്ന് ദിവ്യ തന്നെ തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുന്നുമുണ്ട്. ദിവ്യ ഉപഹാരവിതരണത്തില്‍ ഉള്‍പ്പെടെ പങ്കെടുക്കാത്തതും ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ല എന്നതിന്റെ തെളിവാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവ്യ നിയമവ്യവസ്ഥയുമായി സഹകരിക്കാതെ ഇത്രയും കാലം ഒളിവിലായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.