പഴയങ്ങാടി മരുന്ന് മാറി നൽകിയ സംഭവം; മരുന്ന് കട താത്കാലികമായി അടച്ചു
പഴയങ്ങാടി : എട്ടുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ പഴയങ്ങാടിയിലെ മരുന്നുകടയിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കഴിഞ്ഞദിവസം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെയാണ് പരിശോധന നടത്തിയത്. പരിശോധന വൈകിട്ടുവരെ നീണ്ടു. ഡ്രഗ്സ് ഇൻസ്പെക്ടർ പി.എം.സന്തോഷ്, ഡ്രഗ്സ് ഇൻസ്പെക്ടർ ഇന്റലിജൻസ് ബ്രാഞ്ച് ഇ.എൻ.ബിജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇതിനു പിന്നാലെ കട താത്കാലികമായി അടപ്പിച്ചു.
ഈ മാസം എട്ടിനാണ് അസുഖബാധിതയായ കുട്ടിയെ മരുന്നുകടയ്ക്ക് തൊട്ടടുത്തുള്ള ഡോക്ടർ പരിശോധിച്ചത്. ഡോക്ടർ കുറിച്ച സിറപ്പിന് പകരം തുള്ളിമരുന്ന് നൽകിയതാണ് കുട്ടിയുടെ ആരോഗ്യനില വഷളാക്കിയത്. സിറപ്പിന്റെ അളവിൽ കൊടുക്കാനെഴുതിയത് അതേ അളവിൽ തുള്ളിമരുന്ന് നൽകിയതാണത്രെ കുട്ടിയെ അവശയാക്കിയത്. കുട്ടി അപകടനില തരണംചെയ്തിട്ടുണ്ട്. ആദ്യം ചികിത്സ തേടിയ ഡോക്ടറുടെ നിർദേശത്തെത്തുടർന്നാണ് കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയത്. കടയുടമയെ അറിയിച്ചപ്പോഴും നിസ്സംഗത കാണിച്ചതായി ബന്ധുക്കൾ പറയുന്നു. ഇതേത്തുടർന്നാണ് കുട്ടിയുടെ അടുത്ത ബന്ധു പഴയങ്ങാടി പോലീസിൽ പരാതി നൽകിയത്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കുശേഷം കണ്ണൂർ അസി. കൺട്രോളർക്ക് റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടിക്രമങ്ങൾ സ്വീകരിക്കുക. അതേസമയം ഈ മരുന്നു കടയുടെ പേരിൽ ഇതിനുമുൻപും ഒട്ടേറെ പരാതികളുണ്ടായിരുന്നു.