ചെറുകുന്ന് മിഷൻ ആശുപത്രിയിൽ വനിത നഴ്സിനെ ചവിട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
പഴയങ്ങാടി : ചെറുകുന്ന് മിഷൻ ആശുപത്രിയിൽ വനിത നഴ്സിനെ ചവിട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചെറുകുന്ന് പൂങ്കാവ് സ്വദേശി ജിജിൻ ഫെലിക്സ് (36)നെ യാണ് കണ്ണപുരം പോലീസ് അറസ്റ്റു ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ് ജിജിൻ ഫെലിക്സ്. കൈയ്യിൽ മുറിവുമായി സുഹൃത്തുക്കളോടൊപ്പം എമർജൻസി ഡിപ്പാർട്ട്മെൻ്റിൽ വന്ന യുവാവ് പ്രാഥമിക ചികിത്സ നൽകുന്നതിനിടയിൽ വനിത നഴ്സിന് നേരെ പരാക്രമം നടത്തുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം ചെറുകുന്ന് സെയ്ൻ്റ് മാർട്ടിൻ ഡി പോറസ് ആസ്പത്രിയിലാണ് സംഭവം. ചെറുകുന്ന് പൂങ്കാവ് സ്വദേശി ജിജിൻ ഫെലിക്സ് (36) എന്ന യുവാവ് ആണ് ആക്രമം നടത്തിയത് .ഡോക്ടറും ഡ്യൂട്ടി സ്റ്റാഫുമാരും ചേർന്ന് പ്രാഥമിക ചികിത്സ നല്കുന്നതിനിടയിൽ അപ്രതീക്ഷിതമായി അസഭ്യവർഷത്തോടെ ഷൂ ധരിച്ച കാലുകൊണ്ട് നഴ്സിന്റെ കഴുത്തിന് ആഞ്ഞു ചവിട്ടുകയായിരുന്നു. ചവിട്ടിന്റെ ആഘാതത്തിൽ ബോധരഹിതയായ നഴ്സിനെ അടിയന്തര ചികിത്സ നൽകി. സി.ടി. സ്കാൻ ഉൾപ്പടെയുള്ള പരിശോധനകൾ നടത്തി ഇപ്പോഴും ചികിത്സയിലാണ് .ആക്രമണം നടത്തിയതിനുശേഷം യുവാവ് കൂടുതൽ പ്രകോപിതനായി ഭീകരന്തരിക്ഷം സൃഷ്ടിച്ചു .തുടർന്ന് ആശുപത്രി അധികൃതർ കണ്ണപുരം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു .പോലീസ് എത്തിയതിനു ശേഷവും യുവാവ് പ്രകോപിതനായി. പോലീസ് നോക്കിനിൽക്കേ പ്രതിയെ ചികിത്സ നൽകുവാൻ പോകുന്നു എന്ന വ്യാജേന ഏതാനും സുഹൃത്തുക്കൾ ചേർന്ന് സ്വന്തം കാറിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോത്സ്നയുടെ പരാതിയിൽ അക്രമണം, അസഭ്യവർഷം, ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമണം, തുടങ്ങിയ വകുപ്പുകളിൽ പ്രതിക്കെതിരെ കണ്ണപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒളിവിൽ പോയപ്രതിയെ കണ്ണൂർ എ സി പി സിബി ടോം, കണ്ണപുരം സി ഐ കെ സുഷീർ, എസ്സ് ഐ അനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.