കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്തിന് ഇത്ര അസ്വസ്ഥ
കണ്ണൂർ : കിഫ്ബിയുടെ പദ്ധതികളിൽ ജില്ലാ അടിസ്ഥാനത്തില്‍ അസമത്വം ഉണ്ടായെന്നും വന്‍വില നല്കി ഭൂമി ഏറ്റെടുത്തതില്‍ ഏറെയും കണ്ണൂര്‍ ജില്ലയിലെന്നുമുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പിണറായി വിജയന്. കണ്ണൂർ എന്ന് കേള്‍ക്കുമ്പോള്‍ എന്താണ് വല്ലാത്ത വിഷമമെന്ന് ചോദിച്ച പിണറായി, ഭൂമി ഏറ്റെടുക്കല്‍ ഭാവിയെ മുന്‍കൂട്ടി കണ്ടായിരുന്നുവെന്നും പറഞ്ഞു. കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേ എന്നും പിണറായി ചോദിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലെ കാടെല്ലാം വികസനം വരുമ്പോള്‍ പോകുമെന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം.കിഫ്ബിയുടെ പദ്ധതികളിൽ ജില്ലാ അടിസ്ഥാനത്തില്‍ അസമത്വം വലിയ തോതിൽ ഉണ്ടായി, ഭൂമി ഏറ്റെടുക്കൽ ഇനത്തിൽ 52.9 ശതമാനം തുകയും ചിലവിട്ടത് കണ്ണൂരില്‍, കണ്ണൂരിൽ കിൻഫ്ര വഴി 2,489 കോടി രൂപ ചെലവില്‍ ഏറ്റെടുത്ത ആയിരം ഏക്കർ ഭൂമിയിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളായി യാതൊരു വ്യവസായ പ്രവർത്തികളും ആരംഭിച്ചിട്ടില്ല, ഇങ്ങനെ പോകുന്നു സുധ പിള്ളയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ കിഫ്ബി അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍. കണ്ണൂരില്‍ സിപിഎം വിശാല ജില്ലാ സമിതി ഉദ്ഘാടന പ്രസംഗത്തിനിടെ ഈ കണ്ടെത്തലുകളോടും ഇതിനോടുള്ള മുഖ്യമന്ത്രി വിഡി സതീശന്റെ പ്രതികരണത്തോടും കടുത്ത ഭാഷയിലാണ് പിണറായി പ്രതികരിച്ചത്. കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്തിന് ഇത്ര അസ്വസ്ഥയെന്നും കണ്ണൂര്‍ എന്താ കേരളത്തിന്റെ ഭാഗമല്ലെ എന്നും പിണറായി വിജയന് ചോദിച്ചു.