കണ്ണൂരിന്റെ റെയില്‍വേ യാത്രാദുരിതം പാര്‍ലമെന്റില്‍ ഉന്നയിച്ച് വി. ശിവദാസന്‍ എംപി
കണ്ണൂർ : കണ്ണൂര്‍ സ്റ്റേഷനില്‍ നിന്ന് മംഗലാപുരം ഭാഗത്തേക്കും തിരുവനന്തപുര ത്തേക്കുമുള്ള ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം തീര്‍ത്തും അപര്യാപ്തമാണെന്ന് വി.ശിവദാസന്‍ എം.പി ചൂണ്ടിക്കാട്ടി. രാത്രി 9 മണി കഴിഞ്ഞാല്‍ പുലര്‍ച്ചെ വരെ യാത്ര ചെയ്യാന്‍ പാസ്സഞ്ചര്‍ ട്രെയിനുകളില്ലാത്ത സ്ഥിതിയാണ്. തലസ്ഥാനത്തേക്കും മംഗലാപുരത്തേയ്ക്കും എത്തേണ്ട യാത്രക്കാര്‍ക്ക് യാതൊരു നിവൃത്തിയുമില്ലാത്ത അവസ്ഥയാണ്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങളും ദയനീയാവസ്ഥയിലാണ്. ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാത്തതും പ്ലാറ്റ്ഫോമുകളില്‍ ടോയ്ലറ്റുകളില്ലാത്തതും യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ദീര്‍ഘദൂര ട്രെയിനുകളിലെ ജനറല്‍ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചത് സാധാരണക്കാരായ യാത്രക്കാരുടെ യാത്ര ദുരിതമയമാക്കി. എല്ലാ ട്രെയിനുകളിലും ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്ന് വി ശിവദാസന്‍ ആവശ്യപ്പെട്ടു.
ജനക്ഷേമത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും ശക്തവും ചിലവ് കുറഞ്ഞതുമായ പൊതുഗതാഗത സംവിധാനം അത്യാവശ്യമാണ്. പൊതുഗതാഗത മേഖലയിലെ നിക്ഷേപത്തിന് കേരളത്തില്‍ വലിയ സാധ്യതയുണ്ട്. കേരളത്തില്‍ ഓടുന്ന ട്രെയിനുകളുടെ ഒക്യുപെന്‍സി നിരക്ക് ഇതിന് തെളിവാണ്. റെയില്‍ വെയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായിട്ടു കൂടി കേരളത്തോട് കാണിക്കുന്ന അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്നും വി ശിവദാസന്‍ എംപി ആവശ്യപ്പെട്ടു.