ലോകോത്തര നിലവാരമുള്ള സയന്റിസ്റ്റായ അധ്യാപകന് പോലും കണ്ണൂർ സർവകലാശാലയിൽ പിഎച്ച്.ഡി ഗൈഡ്ഷിപ്പ് ഇല്ലെന്ന് കെപിസിടിഎ
കണ്ണൂർ : ലോകോത്തര നിലവാരമുള്ള സയന്റിസ്റ്റായ അധ്യാപകന് പോലും കണ്ണൂർ സർവകലാശാലയിൽ പിഎച്ച്.ഡി ഗൈഡ്ഷിപ്പ് ഇല്ലെന്ന് കെപിസിടിഎ. അമേരിക്കയിലെ സ്റ്റാൻഫോഡ് സർവകലാശാലയും, ലോക നിലവാരമുള്ള പബ്ലിഷിംഗ് ഗ്രൂപ്പായ എൽസിവിയറും സംയുക്തമായി പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്ര ഗവേഷക ലിസ്റ്റിൽ ഉൾപ്പെട്ട അസിസ്റ്റന്റ് പ്രൊഫസർ ആയ സിനോഷ് സ്കറിയാച്ചന് പോലും കണ്ണൂർ സർവകലാശാലയുടെ സങ്കുചിത നിലപാട് മൂലം പിഎച്ച്.ഡി ഗൈഡ്ഷിപ്പ് അനുവദിക്കാത്തത് അപലപനീയമെന്നും കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി. 115 ലോക നിലവാരമുള്ള ജേണൽ പ്രസിദ്ധീകരണങ്ങളും 15 ബുക്ക് ചാപ്റ്റേഴ്സും രണ്ടു ബുക്കുകളും എഴുതിയിട്ടുള്ള സിനോഷിന്റെ സൈറ്റേഷൻ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം ഈ ലിസ്റ്റിൽ ഇടം പിടിച്ചത് എന്നത് അഭിനന്ദനീയമായ കാര്യമാണ്.
എന്നാൽ യുജിസി റെഗുലേഷൻ വളച്ചൊടിച്ച് ഡിഗ്രി കോഴ്സ് പഠിപ്പിക്കുന്ന എയ്ഡഡ് കോളേജ് അധ്യാപകർക്ക് പിഎച്ച്.ഡി ഗൈഡ് ഷിപ്പ് നിഷേധിക്കുന്ന നിലപാട് സർവകലാശാല കഴിഞ്ഞ ഒരു വർഷമായി കൈക്കൊള്ളുന്നതിനാൽ ലോക ഗവേഷക ലിസ്റ്റിൽ ഉൾപ്പെട്ട അധ്യാപകർക്ക് പോലും പിഎച്ച്.ഡി ഗൈഡ് മാരാവാൻ കഴിയാത്ത സാഹചര്യം ആണ് നിലവിലുള്ളത്. മികച്ച ഗവേഷകരോട് ഇങ്ങനെ സർവകലാശാല നിഷേധ ഭാവം കൈക്കൊള്ളുന്നതിനാൽ സർവകലാശാലയുടെ ഗവേഷണ സാധ്യതകൾ ആണ് മങ്ങലേൽക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവേഷണങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന കരിക്കുലം രൂപീകരിക്കപ്പെടുന്ന കാലഘട്ടത്തിലാണ് സർവകലാശാല ഗവേഷണ വിരുദ്ധമായ സമീപനം കൈക്കൊള്ളുന്നത് എന്നതും പ്രതിഷേധകരമാണ്. മുൻ റിസർച്ച് ഡയറക്ടർ അനിൽ രാമചന്ദ്രൻ ഈ കാര്യത്തിൽ നടത്തിയിരിക്കുന്ന ഇടപെടലുകളെ കുറിച്ച് അന്വേഷണം വേണമെന്നും കെപിസിടിഎ ആവശ്യപ്പെട്ടു . ഇടതുപക്ഷ അധ്യാപക സംഘടന യൂണിറ്റ് സെക്രട്ടറിയായ സിനോഷിനെ പോലെയുള്ള അധ്യാപകർക്ക് വേണ്ടി ശബ്ദിക്കാതെ ഇടതുപക്ഷ അധ്യാപക സംഘടനകൾ മൗനം പാലിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് കെപിസിടിഎ അറിയിച്ചു. ഡോ. ഷിനോ പി ജോസ് അധ്യക്ഷത വഹിച്ചു. ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. പി പ്രജിത, ഡോ വി പ്രകാശ് എന്നിവർ സംസാരിച്ചു.