പയ്യന്നൂരില്‍ രാഷ്ട്രീയ സംഘര്‍ഷം പുകയുന്നു; കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ബൈക്ക് തീവച്ച് നശിപ്പിച്ച നിലയിൽ
കണ്ണൂർ: സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെ പയ്യന്നൂരില്‍ രാഷ്ട്രീയ സംഘര്‍ഷം പുകയുന്നു. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഇന്നലെ വൈകിട്ട് പ്രകടനം നടത്തിയ സംഘത്തിൽ ഉൾപ്പെട്ട സിപിഎം പ്രവര്ത്തകന് പ്രസന്നൻ്റെ ബൈക്ക് കത്തിച്ചതോടെ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം തെരുവിലേക്ക് പടര്‍ന്നിരിക്കുക യാണ്. വെള്ളൂരിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് അര്‍ധരാത്രിയില്‍ വയലിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി തീയിടുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ കുഞ്ഞികൃഷ്ണൻ്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും സിപിഎം പ്രകോപനം അഴിച്ചു വിട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ടും സമ്മര്‍ദ തന്ത്രം തുടരുന്നതിനിടെയാണ് ശാരീരികമായ ആക്രമണങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രദേശത്ത് യാതൊരു സംഘർഷവും ഇല്ലാത്ത മേഖലയാണെന്നും തന്നോടുള്ള വിരോധം മാത്രമാണ് ബൈക്ക് അക്രമണത്തിന് പിന്നിലെന്നും വി കുഞ്ഞുകൃഷ്ണൻ പ്രതികരിച്ചു. പൊലീസ് സുരക്ഷയ്ക്കായി വീടിനുമുന്നിൽ ഉണ്ടായിരുന്നു.
പക്ഷേ ഇരുട്ടിൻ മറവിൽ അക്രമിസംഘം ബൈക്ക് കത്തിക്കുകയായിരുന്നു എന്നാണ് കുഞ്ഞികൃഷ്ണൻ പറയുന്നത്. സിപിഎം ആണോ എന്നത് അറിയില്ല. പക്ഷേ ഇതിന് പിന്നിലെ കാരണം വ്യക്തമാണ്. കൂടാതെ ടി ഐ മധുസൂദനൻ എംഎൽഎയുടെ ശക്തി കേന്ദ്രമായ സൗത്ത് ലോക്കൽ കമ്മിറ്റിയിൽപ്പെടുന്ന മാവിച്ചേരി പ്രദേശത്ത് കുഞ്ഞികൃഷ്ണൻ്റെ കോലം സിപിഎം പ്രവർത്തകർ കത്തിച്ചു. വിമതസ്വരങ്ങളെ അടിച്ചമര്‍ത്തുന്ന പതിവ് ശൈലി പയ്യന്നൂരിലും ആവര്‍ത്തിക്കു മ്പോള്‍ ജനങ്ങളും ഭീതിയിലാണ്. കുഞ്ഞികൃഷ്ണന് ഉന്നയിച്ച ഫണ്ട് തട്ടിപ്പ് ആരോപണങ്ങളെ പ്രതിരോധിക്കാൻ ഇന്ന് വൈകിട്ട് ഏഴിന് പയ്യന്നൂര്‍ ശ്രീ കൂർമ്പ ഓഡിറ്റോറിയത്തില്‍ പാര്‍ട്ടി വിശദീകരണ യോഗവും വിളിച്ചിട്ടുണ്ട്.