കർണാടകയിലെ ബെല്ലാരി ജില്ലയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു; കർണാടകയിൽ പ്രളയ മുന്നറിയിപ്പ്
ബംഗളൂരു : കർണാടകയിലെ ബെല്ലാരി ജില്ലയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു. ശനിയാഴ്ച അർധരാത്രിയോടെയാണ് ഡാമിന്റെ ഗേറ്റ് തകർന്നത്. തുടർന്ന് 35,000 ക്യുസെക്സ് വെള്ളം അതിവേഗത്തിൽ നദിയിലേക്ക് ഒഴുകി. കഴിഞ്ഞ 70 വർഷത്തിനിടെ ഇതാദ്യമായാണ് ഡാമിന്റെ ഗേറ്റ് ഇത്തരത്തിൽ തകരുന്നതെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ 19ാം ഗേറ്റാണ് തകർന്നത്. 33 ഗേറ്റുകളാണ് ഡാമിന് ആകെയുള്ളത്. അറ്റകൂറ്റപണികൾ നടത്തണമെങ്കിൽ 60,000 മില്യൺ ക്യുബിക് ഫീറ്റ് വെള്ളം നദിയിലേക്ക് ഒഴുക്കേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി. ജലനിരപ്പ് സുരക്ഷിതമായ തോതിൽ നിലനിർത്താനായി ഞായറാഴ്ച രാവിലെ തുംഗഭദ്ര ഡാമിന്റെ 33 ഗേറ്റുകളും തുറന്നു. ഇതുവരെ ഒരു ലക്ഷം ക്യുസെക്സ് വെള്ളം ഡാമിൽ നിന്നും ഒഴുക്കി വിട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് കൊപ്പൽ, വിജയനഗര, ബെല്ലാരി, റായ്പൂർ ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഏതാണ്ട് 35000 ക്യുസെക്സ് വെള്ളം ഇതിനോടകം തുറന്നു വിട്ടെന്ന് അധികൃതർ പറഞ്ഞു. ഇത്രയധികം വെള്ളം പുറത്തുവിട്ടതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഭീഷണിയുണ്ട്. കർണാടകയിലെ റായ്ചൂര്, കൊപ്പൽ, വിജയനഗര, ബെല്ലാരി ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.നദി ഒഴുകിപ്പോകുന്നത് തെലങ്കാനയിലേക്കും ആന്ധ്രയിലേക്കുമാണ്. അവിടെയും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡാമിന്റെ തകർന്ന ഗേറ്റിന്റെ അറ്റകുറ്റപ്പണിക്കായി ബംഗലൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും വിദഗ്ധരെ എത്തിക്കും. 70 വർഷത്തിനിടെ ഇങ്ങനെയൊരു സംഭവം ഇതാദ്യമാണെന്ന് അധികൃതർ പറഞ്ഞു. ഡാമിന്റെ റിസർവോയറിൽ നിന്ന് ഏകദേശം 60,000 ദശലക്ഷം ഘനയടി വെള്ളം തുറന്നുവിട്ട ശേഷം മാത്രമേ അറ്റകുറ്റപണികൾ നടത്താൻ സാധിക്കുവെന്നും അധികൃതർ പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിന് ശേഷം രാജ്യത്ത് സുർക്കിയിൽ നിർമിച്ച രണ്ടാമത്തെ അണക്കെട്ടാണ് തുംഗഭദ്രയിലുള്ളത്. ചുണ്ണാമ്പുകല്ലും ചെളിയും ശർക്കരയും ചേർത്തുണ്ടാക്കുന്ന മിശ്രിതമാണ് സുർക്കി. നേരത്തെ 2016ൽ മഹാരാഷ്ട്രയിൽ സുർക്കി മിശ്രിതം ഉപയോഗിച്ച് നിർമിച്ച പാലം ഒലിച്ചുപോയിരുന്നു. എൺപത്തിയെട്ട് വർഷം പഴക്കമുള്ള പാലമായിരുന്നു ഒലിച്ചുപോയത്.