കേരള സ്കൂൾ കലോത്സവത്തിന് കണ്ണൂർ ജില്ലയിൽനിന്നും 949 കുട്ടികൾ മാറ്റുരയ്ക്കും
തൃശൂർ : കേരള സ്കൂൾ കലോത്സവത്തിന് കണ്ണൂർ ജില്ലയിൽനിന്നും 949 കുട്ടികൾ മാറ്റുരയ്ക്കും. കലയുടെ മാമാങ്കം തൃശൂരിൽ കൊടിയേറാൻ മണിക്കൂറുകൾ ബാക്കിനിൽക്കേ കഠിന പരിശ്രമത്തിലാണ് മത്സരാർഥികൾ. കഴിഞ്ഞവർഷം കൈവിട്ട സ്വർണക്കപ്പ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കണ്ണൂർ. കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് കണ്ണൂർ ജില്ലയ്ക്കായിരുന്നു. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന കലോത്സവത്തിൽ മൂന്നാം സ്ഥാനമാണ് ജില്ലയ്ക്ക് ലഭിച്ചത്. നാലു തവണ സ്വർണക്കപ്പ് കണ്ണൂർ സ്വന്തമാക്കിയിട്ടുണ്ട്. ജില്ലയിൽനിന്നും 949 കുട്ടികൾ മാറ്റുരയ്ക്കുന്പോൾ കൂടുതൽ കുട്ടികളെ കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നത് സെന്റ് തേരേസാസ് എഐഎച്ച്എസ്എസ് ആണ്. 136 കുട്ടികൾ. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ലഭിച്ച 149 അപ്പീലുകളിൽ നിന്നും 31 ന് സംസ്ഥാന കലോത്സവത്തിന് മത്സരിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.