ഇവർ കോരിയെടുത്തു കൂട്ടുകാരിയുടെ ജീവൻ
മാവിലായി: ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ പതിനാലുകാരിക്ക് രക്ഷകരായി കൂട്ടുകാർ. കഴിഞ്ഞ ചൊവ്വ വൈകിട്ട് നാലോടെയാണ് സംഭവം. മാവിലായി എ കെ ജി നഴ്സിങ് കോളേജിന് സമീപത്തുള്ള കീഴറ ചേനാരത്ത് ക്ഷേത്രക്കുളം കാണാൻ എത്തിയതായിരുന്നു ഏഴു പേരടങ്ങിയ കുട്ടികൾ.നവീകരിച്ച കുളത്തിലിറങ്ങി കാൽ കഴുകുന്നതിനിടെ പെൺകുട്ടി വഴുതി വെള്ളത്തിലേക്ക് വീണു. നീന്തലറിയാതെ വെള്ളത്തിൽ മുങ്ങിത്താഴുന്ന കൂട്ടുകാരിയെ രക്ഷിക്കാനായി ഒപ്പമുണ്ടായിരുന്ന റിഷിക രജിൽ കുളത്തിലേക്ക് ചാടി. കുളത്തിൽ വീണ കുട്ടിയുടെ ബന്ധുവായ റിഥിൻ രാജും ഒപ്പം ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.കീഴറ ദേവർഷിൽ ശിൽപ്പയുടെയും ആർമിയിൽ ഉദ്യോഗസ്ഥനായ രജിലിന്റെയും മകളാണ് റിഷിക. പെരളശേരി എ കെ ജി സ്മാരക ഹയര്‍ സെക്കൻഡറി സ്കൂള്‍ ഒമ്പതാം തരം വിദ്യാര്‍ഥിനിയാണ്. എൻസിസി ആർമി കാഡറ്റ് കൂടിയാണ് റിഷിക. അപകടത്തില്‍പ്പെട്ട കുട്ടിയുടെ അമ്മയുടെ മൂത്ത സഹോദരിയുടെ മകനാണ് മയ്യില്‍ സ്വദേശിയും ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ റിഥിന്‍ രാജ്. അവധിക്കാലത്ത് കീഴറയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു.