കോഴിക്കോട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ; ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യാപാരികള്‍
കോഴിക്കോട് : കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. അതേ സമയം,ഹർത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹർത്താലിൽ നിന്നും കോൺഗ്രസ് പിന്മാറണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
‘ആപത്കരമായ സാമ്പത്തിക സാഹചര്യം നേരിടുന്ന വ്യാപാരികള്‍ക്കാണ് ഇത്തരം ഹര്‍ത്താലുകളില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. പൊതു ജനജീവിതത്തെ തടസപ്പെടുത്തുന്നതും അശ്രദ്ധയോടെ പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ നിരന്തരം ആവര്‍ത്തിക്കുന്നത് അസഹ്യമാണ്,’ എന്ന് വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.