അടൂരിൽ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലിടിച്ച് അപകടം; പ്രതികളുമുൾപ്പടെ ആറ് പേർക്ക് പരിക്ക്
അടൂർ : കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലിടിച്ച് എഎസ്ഐയും ജീപ്പിലുണ്ടായിരുന്ന പ്രതികളുമുൾപ്പടെ ആറ് പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി എട്ടിന് അടൂർ സെൻട്രൽ ടോളിനു സമീപം അർബൻ ബാങ്കിനടുത്തായാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഇടിച്ച് മറ്റൊരു കെഎസ്ആർടിസി ഓർഡിനറി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രതികളുമായി കൊട്ടാരക്കര സബ് ജയിലേക്ക് പോയ കോയിപ്രം പൊലീസ് സ്റ്റേഷനിലെ ജീപ്പിന് പിറകിലാണ് ബസ് ഇടിച്ചുകയറിയത്.
കോയിപ്രം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഷിബു എസ് രാജൻ, സിപിഒമാരായ കെ ഐ മുഹമ്മദ് റഷാദ്, എസ് സുജിത്ത്, ജീപ്പിൽ ഉണ്ടായിരുന്ന അടിപിടി കേസിലെ പ്രതികളായ വെണ്ണിക്കുളം സ്വദേശികളായ ജോൺ ജോൺ (49), സിജു എബ്രഹാം(39) എന്നിവർക്കും ബസിൽ യാത്ര ചെയ്ത കായംകുളം സ്വദേശിയായ ഷീജ (52) എന്ന സ്ത്രീയ്ക്കുമാണ് പരിക്കേറ്റത്. പുനലൂരിൽ നിന്നും കായംകുളത്തിന് പോയ ഓർഡിനറി ബസാണ് അപകടമുണ്ടാക്കിയത്. സൂപ്പർ ഫാസ്റ്റ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്നാണ് ബസ് ഡ്രൈവർ രാജേന്ദ്രൻ പറയുന്നത്. കായംകുളം ഡിപ്പോയിലെ ബസായിരുന്നു.
അമിത വേഗത്തിൽ വന്ന ബസ് അടൂർ തട്ട റോഡ് തിരിയുന്നിടത്തെ സിഗ്നലിലുള്ള ഡിവൈഡർ ഇടിച്ചിളക്കി. തുടർന്ന് നിർത്താതെ അടൂർ കെ എസ്ആർടിസി ഡിപ്പോയിലേക്ക് പോകാതെ ഗാന്ധി സ്മൃതി മൈതാനത്തിനു സമീപത്തേക്ക് പോയി. തുടർന്ന് നയനം തീയറ്ററിന്റെ ഭാഗത്ത് വച്ച് മുന്നിൽ പോകുകയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയിൽ നിയന്ത്രണം വിട്ട ഓർഡിനറി ബസ് മുന്നിൽ പൊലീസ് ജീപ്പിൽ ഇടിച്ചു. ബൊലേറോ ജീപ്പ് പൂർണമായും തകർന്നു. അപകടത്തിൽ എ എസ് ഐ ഷിബു രാജിന്റെ കൈയ്ക്ക് ഗുരുതര പരിക്കുണ്ട്. ഇദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പൊലീസുകാരായ മുഹമ്മദ് റസാഖ്, സുജിത് എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.