കുഞ്ഞാമിന വധക്കേസ്:മുഖ്യപ്രതിയെ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തത്ക്രൈംബ്രാഞ്ച് സംഘം
കണ്ണൂർ: കുറ്റവാളി എത്രവിദഗ്ധമായി രക്ഷപ്പെട്ടാലും, എവിടെ ഒളിച്ചാലും മികവുള്ള കുറ്റാന്വേഷകരുടെ മുന്നിൽ ഒരുനാൾ കീഴടങ്ങേണ്ടിവരും എന്നതിന് മറ്റൊരു തെളിവായി ഇരിക്കൂർ കുഞ്ഞാമിന വധക്കേസ്. കുഞ്ഞാമിന കൊല്ലപ്പെട്ട് പത്തുവർഷങ്ങൾക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം മുഖ്യപ്രതിയെ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി അബ്ബാസ് അലിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എല്ലാ പ്രതികളും പിടിയിലായത് കേരളാ പോലീസിന്റെ തൊപ്പിയിൽ കുറ്റാന്വേഷണ മികവിന്റെ മറ്റൊരു പൊൻതൂവൽകൂടിയാകുകയാണ്.അമ്മയും രണ്ടുമക്കളും അടക്കം മൂന്നുപേരായിരുന്നു കേസിലെ പ്രതികൾ. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം കേസിലെ പ്രതികളും ഡൽഹി സ്വദേശികളുമായ പർവീൺ ബാനു(55), മകൾ സക്കീന ഫാത്തിമ(32) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മധ്യപ്രദേശിലെ ഉജ്ജ്വയിനിൽ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെ മധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെയാണ് രണ്ടുപേരെയും പോലീസ് പിടികൂടിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പർവീൺ ബാനുവിന്റെ മകനും മുഖ്യപ്രതിയുമായ അബ്ബാസ് അലിയും പിടിയിലായത്.