കുവൈത്ത് തീപിടിത്തം; മരിച്ചവരിൽ 40 ഇന്ത്യക്കാര്‍; 11 മലയാളികള്‍
കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരിൽ നാൽപതുപേർ ഇന്ത്യക്കാരാണെന്ന് വിദേശകാര്യമന്ത്രാലയം. അൻപതിലേറെ ഇന്ത്യക്കാർക്ക് പരുക്കേറ്റിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകും. തീപിടിത്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ധന് സിങ് ഇന്ന് കുവൈറ്റിലേക്ക് തിരിക്കും. പരുക്കേറ്റവർക്കുള്ള സഹായത്തിനും മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കാലതാമസമില്ലാതെ നാട്ടിലെത്തിക്കാനുമുള്ള പ്രവർത്തനങ്ങൾ മന്ത്രി ഏകോപിപ്പിക്കും.
ഇന്നലെ പ്രധാനമന്ത്രി യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അലി അൽ യഹ്യയുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. പരുക്കേറ്റവർക്ക് വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും ദുരന്തത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തുമെന്നും കുവൈത്ത് ഉറപ്പുനൽകിയതായി ജയശങ്കർ അറിയിച്ചു. നിലവില്‍ മരിച്ച പതിനൊന്ന് മലയാളികളില്‍ ഒൻപത് പേരുടെ വിവരങ്ങളാണ് പുറത്തുവന്നത്.