സിനിമയുടെ ഷൂട്ടിങിനിടെയുണ്ടായ അപകടത്തിൽ നടൻ ജോജു ജോർജ് അടക്കം നാലുപേർക്ക് പരിക്കേറ്റു
മൂന്നാർ : സിനിമയുടെ ഷൂട്ടിങിനിടെ യുണ്ടായ അപകടത്തിൽ നടൻ ജോജു ജോർജ് അടക്കം നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് മറയൂർ റൂട്ടിലെ ലക്കം വെള്ളച്ചാട്ടത്തിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. ജോജു അടക്കം ആരുടെയും പരിക്ക് സാരമുള്ളതല്ലെ ന്നാണ് റിപ്പോർട്ട്. ഷാജി കൈലാസ് ചിത്രം വരവിന്റെ ചിത്രീകരണത്തിനിടെ ജോജു ഓടിച്ചിരുന്ന ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. ജോജു ജോർജിനെ നായകനാക്കി ആക്ഷൻ ത്രില്ലർ ജോണറിലാണ് ഷാജി കൈലാസ് ‘വരവ്’ ഒരുക്കുന്നത്. പോളച്ചൻ എന്ന് വിളിപ്പേരുള്ള പോളി എന്ന കഥാപാത്രമായാണ് ജോജു ചിത്രത്തിൽ എത്തുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ചിത്രത്തിന്റെ കോ-പ്രൊഡ്യൂ സർ ജോമി ജോസഫ് ആണ്.