സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും; ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരാൻ സാധ്യത
കണ്ണൂർ : സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. തളിപ്പറമ്പിൽ നടക്കുന്ന സമ്മേളനത്തിൻ്റെ അവസാന ദിനമായ ഇന്ന് പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും. വൈകുന്നേരം അഞ്ച് മണിക്ക് റെഡ് വളണ്ടിയർ മാർച്ചും പിന്നാലെ പൊതുസമ്മേളനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടർന്നേക്കുമെന്നാണ് സൂചന. നേരത്തെ 2019-ൽ അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജൻ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്തായിരുന്നു എം വി ജയരാജനെ താൽക്കാലിക ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പി ജയരാജൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് എം വി ജയരാജൻ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ എം വി ജയരാജൻ മത്സരിക്കാനിറങ്ങിയപ്പോൾ കുറച്ച് നാൾ സെക്രട്ടറി പദവിയിൽ നിന്നും മാറി നിന്നിരുന്നു. എന്നാൽ കണ്ണൂരിൽ സുധാകരനോട് പരാജയപ്പെട്ടതോടെ എം വി ജയരാജൻ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളുടെ സാഹചര്യത്തിൽ എം വി ജയരാജൻ ഒഴിഞ്ഞേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. പകരം ടി വി രാജേഷ്, കെ കെ രാഗേഷ് എന്നിവരുടെ പേരുകളും ഉയർന്ന് കേട്ടിരുന്നു.