പാകിസ്ഥാനെ ചാരമാക്കി ഇന്ത്യ; ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
ചാമ്പ്യൻസ് ട്രോഫിയിലെ അവേശപോരാട്ട ത്തിൽ പാകിസ്താനെതിരെ അനായാസ ജയവുമായി ഇന്ത്യ സെമിക്കരികെ. സൂപ്പർ താരം വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ ബലത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. പാകിസ്താന്റെ 241 റൺസ് പിന്തുടർന്ന ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 45 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. ആതിഥേയരായ പാകിസ്താന്റെ സെമി പ്രതീക്ഷകൾക്ക് തോൽവി തിരിച്ചടിയായി. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോടും തോറ്റിരുന്നു. സ്കോർ: പാകിസ്താൻ 49.4 ഓവറിൽ 241 റൺസിന് ഓൾ ഔട്ട്. ഇന്ത്യ 42.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 244.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 49.4 ഓവറില്‍ 241 റണ്‍സിന് പുറത്തായി. 242 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 45 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് മോശമല്ലാത്ത തുടക്കം ലഭിച്ചു. ആദ്യ വിക്കറ്റില്‍ ബാബര്‍ അസവും ഇമാം ഉള് ഹഖും ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ തുടര്‍ച്ചയായ ഓവറുകളില്‍ ഇരുവരെയും നഷ്ടപ്പെട്ട പാകിസ്ഥാന് സമ്മര്‍ദത്തിലായി. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്ന് പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ടീം സ്കോര്‍ 47ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 151ലാണ്. റിസ്വാനെ മടക്കി അക്സര്‍ പട്ടേലാണ് ബ്രേക് ത്രൂ സമ്മാനിച്ചത്. 77 പന്തില്‍ 46 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.