പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കും
തിരുവനന്തപുരം : പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കും. യേശുദേവൻ കുരിശിലേറിയശേഷം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കലാണ് ഈസ്റ്റർ. യേശുവിന്റെ കുരിശുമരണത്തെ അനുസ്മരിച്ച് പള്ളികളിൽ നടത്തിയ ശുശ്രൂഷകളിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. പാളയം സെന്റ് ജോസഫ്സ് മെട്രോ പൊളിറ്റൻ കത്തീഡ്രലിൽ ശനി രാത്രി 10.30ന് ഉയിർപ്പിന്റെ കർമങ്ങൾ നടത്തി. ഞായർ രാവിലെ ഏഴിനും 8.45നും വൈകിട്ട് അഞ്ചിനും വിശുദ്ധ കുർബാന നടക്കും. ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ മുഖ്യ കാർമികത്വം വഹിക്കും. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടത്തിയ ഈസ്റ്റർ കർമങ്ങൾക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ മുഖ്യ കാർമികത്വം വഹിച്ചു. പിഎംജി ലൂർദ് ഫൊറോന പള്ളിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. ഞായർ രാവിലെ 5.45നും 7.30നും വിശുദ്ധ കുർബാന. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ഞായർ രാവിലെ 7.30നും 11നും ദിവ്യബലിയുണ്ടാകും. കോട്ടൺഹിൽ കാർമൽ ഹിൽ ആശ്രമ ദേവാലയത്തിൽ ശനി രാത്രി 11ന് ഈസ്റ്റർ കർമങ്ങൾ ആരംഭിച്ചു. ഞായർ രാവിലെ 6.30നും 8.30നും 11നും വൈകിട്ട് നാലിനും 5.30നും ദിവ്യബലി. കണ്ണമ്മൂല വിശുദ്ധ മദർ തെരേസ പള്ളിയിൽ ഞായർ പുലർച്ചെ മൂന്നിന് ഉയിർപ്പിന്റെ തിരുകർമങ്ങൾ ആരംഭിച്ചു. സ്പെൻസർ ജങ്ഷനിലുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രൽ ദേവാലയത്തിൽ ഞായർ രാവിലെ അഞ്ചിന് രാത്രി നമസ്കാരം, പ്രഭാത നമസ്കാരം തുടർന്ന് ഉയിർപ്പിന്റെ ശുശ്രൂഷകൾ. സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ ഞായർ രാവിലെ 5.30നും വലിയതുറ വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ശനി രാത്രി 10.30നും കർമങ്ങൾ ആരംഭിച്ചു.