മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കേസ്; പ്രതിയായ ഫര്സീന് മജീദിന്റെ ഒരു വർഷത്തെ ശമ്പള വര്‍ധന തടഞ്ഞു
കണ്ണൂർ : മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ആരോപണ വിധേയനായ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദിനെതിരെ പുതിയ നടപടി. അധ്യാപകനായ ഫർസീന്റെ ഒരു വർഷത്തെ ശമ്പള വർധന തടഞ്ഞുകൊണ്ട് മുട്ടന്നൂർ യു.പി. സ്കൂൾ മാനേജ്മെന്റ് ഉത്തരവിറക്കി. സ്ഥാപന മേധാവിയെ അറിയിക്കാതെ യാത്ര ചെയ്തതാണ് നടപടിക്ക് കാരണമെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. കൂടാതെ, മുഖ്യമന്ത്രിക്ക് നേരെ വധശ്രമം നടത്തിയെന്നും അധ്യാപക പദവിക്ക് കളങ്കം വരുത്തിയെന്നും ഉത്തരവിൽ പറയുന്നുണ്ട്.
എന്നാൽ, ഈ നടപടി രാഷ്ട്രീയ പ്രേരിതവും പ്രതികാരപരവുമാണെന്ന് ഫർസീൻ മജീദ് ആരോപിച്ചു. ഇത് തികച്ചും പ്രതികാര നടപടിയാണെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ട്. നിയമപരമായി ഇതിനെ നേരിടും,” അദ്ദേഹം പറഞ്ഞു. കേസിൽ മൂന്ന് വർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഫർസീൻ മജീദ് ചൂണ്ടിക്കാട്ടി. കൂടാതെ, താൻ നിരപരാധിയാണെങ്കിൽ ഈ കേസിൽ കേരള മുഖ്യമന്ത്രിയുടെ ഗൺമാൻ, മുൻ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, മുഖ്യമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് എന്നിവരെല്ലാം പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു. പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറാകാതിരുന്നിട്ടും പിന്നീട് കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തതെന്നും ഫർസീൻ മജീദ് വ്യക്തമാക്കി. ഈ വിഷയത്തിൽ യാതൊരു ഒത്തുതീർപ്പിനും താൻ തയ്യാറല്ലെന്നും, ആദ്യം കരിങ്കൊടി കാണിച്ചതിന്റെ പേരിൽ തുടങ്ങിയ പ്രശ്നം ഇപ്പോൾ സ്ഥാപന മേധാവിയുടെ അനുമതിയില്ലാതെ യാത്ര ചെയ്തു എന്നതിലേക്ക് എത്തിനിൽക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.