ലൈംഗികാതിക്രമക്കേസിൽ നടൻ ഇടവേള ബാബുവിനെ വീണ്ടും ചോദ്യം ചെയ്ത് അന്വേഷണ സംഘം
കൊച്ചി : ലൈംഗികാതിക്രമക്കേസിൽ നടൻ ഇടവേള ബാബുവിനെ വീണ്ടും ചോദ്യം ചെയ്ത് അന്വേഷണ സംഘം. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ചോദ്യംചെയ്യലിന് ഹാജരായത്. എന്നാൽ ഇപ്പോൾ എന്തിനാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് അറിയില്ലെന്നായിരുന്നു ഇടവേളബാബു മാധ്യമങ്ങളോട് പറഞ്ഞത്.
ആഗസ്റ്റ് 28ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസ്. രണ്ടാം തവണയാണ് കേസില്‍ ചോദ്യംചെയ്യുന്നത്. ആദ്യ തവണ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. മൂന്നു മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. താരസംഘടനയായ ‘അമ്മ’യിൽ അംഗത്വം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്. അംഗത്വ അപേക്ഷ പൂരിപ്പിക്കാനായി നടിയോട് ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും അപേക്ഷ പൂരിപ്പിച്ച് കൊണ്ടിരുന്നപ്പോൾ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.