ഐ.പി.എൽ 2025; റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഫൈനലിൽ, പഞ്ചാബിനെതിരെ എട്ടു വിക്കറ്റിന്റെ അനായാസ ജയം
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐ.പി.എൽ 2025 ഫൈനലിൽ. ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെതിരെ എട്ടു വിക്കറ്റിന്റെ അനായാസ ജയം നേടിയാണ് കോഹ്ലിയും സംഘവും കലാശപ്പോരിന് യോഗ്യത നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 14.1 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ആർ.സി.ബി 10 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. ഫിൽ സാൾട്ടിന്റെ അപരാജിത അർധ സെഞ്ച്വറിയാണ് ആർ.സി.ബിക്ക് അനായാസ ജയം സമ്മാനിച്ചത്. 27 പന്തിൽ മൂന്നു സിക്സും ആറു ഫോറുമടക്കം സാൾട്ട് 56 റൺസെടുത്തു. നായകൻ രജത് പാട്ടീദാർ എട്ടു പന്തിൽ 15 റൺസുമായി പുറത്താകാതെ നിന്നു. വിരാട് കോഹ്ലി (12 പന്തിൽ 12), മായങ്ക് അഗർവാൾ (13 പന്തിൽ 19) എന്നിവരാണ് പുറത്തായ താരങ്ങൾ.
നേരത്തെ, മൂന്നു തവണ ബംഗളൂരു ഐ.പി.എൽ ഫൈനലിലെത്തിയെങ്കിലും കിരീടം അകന്നുനിന്നു. 2009, 2011, 2016 സീസണുകളിലാണ് ഫൈനൽ കളിച്ചത്. സൂപ്പർ താരം വിരാട് കോഹ്ലി ഐ.പി.എൽ ട്രോഫി നേടുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജൂൺ മൂന്നിനാണ് കലാശപ്പോര്. തോറ്റെങ്കിലും പഞ്ചാബിന് ഫൈനലിലെത്താൻ ഇനിയും അവസരമുണ്ട്. ഞായറാഴ്ചത്തെ രണ്ടാം ക്വാളിഫയർ ജയിച്ചാൽ മതി. മൂന്നും നാലും സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും വെള്ളിയാഴ്ച എലിമിനേറ്ററിൽ ഏറ്റുമുട്ടും. എലിമിനേറ്റർ വിജയികളും പഞ്ചാബും തമ്മിലാണ് രണ്ടാം ക്വാളിഫയർ. നേരത്തെ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ എന്നിവരുടെ മൂന്നു വിക്കറ്റ് പ്രകടനമാണ് പഞ്ചാബ് ബാറ്റർമാരെ തരിപ്പണമാക്കിയത്. 17 പന്തിൽ 26 റൺസെടുത്ത മാർകസ് സ്റ്റോയിനിസാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. മൂന്നു പേർ മാത്രമാണ് രണ്ടക്കം കടന്നത്.