ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
ഐ.പി.എല്ലിൽ നീണ്ട 17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബംഗളൂരു റോയൽ ചാലഞ്ചേഴ്സിന് ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ വിജയം. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൂപ്പർ കിങ്സിന്റെ ഇന്നിങ്സ് 146ൽ അവസാനിച്ചു. മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയതും മികച്ച പാർട്നർഷിപ് കണ്ടെത്താനാകാത്തതും ചെന്നൈക്ക് 50 റൺസിന്റെ പരാജയം സമ്മാനിച്ചു. 41 റൺസ് നേടിയ രചിൻ രവീന്ദ്രയാണ് അവരുടെ ടോപ് സ്കോറർ. ഐ.പി.എൽ ആദ്യ സീസണു ശേഷം ആദ്യമായാണ് ബംഗളൂരു ടീം ചെന്നൈയിൽ ജയിക്കുന്നത്. സ്കോർ: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു – 20 ഓവറിൽ ഏഴിന് 196, ചെന്നൈ സൂപ്പർ കിങ്സ് – 20 ഓവറിൽ എട്ടിന് 146.
മത്സരത്തിൽ ടോസ് നേടിയ സൂപ്പർ കിങ്സ്, റോയൽ ചാലഞ്ചേഴ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അതിവേഗം സ്കോർ ചെയ്ത ഫിൽ സാൾട്ടിന്റെ (16 പന്തിൽ 32) വിക്കറ്റാണ് ബംഗളൂരുവിന് ആദ്യം നഷ്ടമായത്. കോഹ്ലിക്കൊപ്പം ഓപണിങ് വിക്കറ്റിൽ 45 റൺസ് ചേർത്ത താരം അഞ്ചാം ഓവറിലാണ് പുറത്തായത്. 30 പന്തിൽ നിന്നാണ് കോഹ്ലി 31 റൺസ് നേടിയത്. കഴിഞ്ഞ സീസണിലേതിനു സമാനമായി സ്ട്രൈക്ക് റേറ്റിൽ ഇത്തവണയും കോഹ്ലിക്ക് വിമർശനമുയരുമെന്ന് ഏതാണ്ട് ഉറപ്പാണ്. 14 പന്തിൽ 27 റൺസടിച്ച ദേവ്ദത്തിനെ അശ്വിൻ പുറത്താക്കി. ഒരുഭാഗത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും തകർപ്പനടികളുമായി കളംനിറഞ്ഞ ക്യാപ്റ്റൻ പാട്ടിദാറാണ് ബംഗളൂരു സ്കോർ 150 കടത്തിയത്. 32 പന്ത് നേരിട്ട താരം നാല് ഫോറും മൂന്ന് സിക്സും സഹിതം 52 റൺസ് നേടിയാണ് പുറത്തായത്. അവസാന ഓവറുകളിൽ ടിം ഡേവിഡ് (എട്ട് പന്തിൽ 22*) നടത്തിയ വെടിക്കെട്ടിൽ സ്കോർ 200ന് അടുത്തെത്തുകയായിരുന്നു. ലിയാം ലിവിങ്സ്റ്റൺ (10), ജിതേഷ് ശർമ (12), കൃണാൽ പാണ്ഡ്യ (0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റർമാരുടെ സ്കോർ.