സൂപ്പർ ഓവറിലേക്ക് നീണ്ട ത്രില്ലർ പോരിനൊടുവിൽ ഡൽഹി ക്യാപിറ്റൽസിന് ജയം
ന്യൂഡൽഹി : സൂപ്പർ ഓവറിലേക്ക് നീണ്ട ത്രില്ലർ പോരിനൊടുവിൽ ഡൽഹി ക്യാപിറ്റൽസിന് ജയം. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിനെ ഗംഭീരമായി പന്തെറിഞ്ഞ മിച്ചൽ സ്റ്റാർക് 11 റൺസിൽ പുറത്താക്കി. നാല് റൺസെടുത്ത റിയാൻ പരാഗും സ്ട്രൈക്കെടുക്കും മുൻപെ യശസ്വി ജയ്സ്വാളും റണ്ണൗട്ടായി. ഷിംറോൺ ഹെറ്റമെയർ അഞ്ച് റൺസെടുത്തു. ഡൽഹി ക്യാപിറ്റൽസ് നാല് പന്തിൽ ലക്ഷ്യം കണ്ടു. സന്ദീപ് ശർമയുടെ ആദ്യ മൂന്ന് പന്തുകൾ നേരിട്ട കെ.എൽ.രാഹുൽ ഏഴ് റൺസെടുത്ത് ട്രിസ്റ്റൻ സ്റ്റബ്സിന് സ്ട്രൈക്ക് നൽകി. ആദ്യ പന്തിൽ സിക്സടിച്ച് സ്റ്റബ്സ് കളി ജയിപ്പിച്ചു. സൂപ്പർ ഓവർ സ്കോർ: രാജസ്ഥാൻ-11/2. ഡൽഹി: 13/0. 20 ഓവർ: ഡൽഹി: 188/5. രാജസ്ഥാൻ-188/4.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ഇന്നിങ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 188 ൽ തന്നെ അവസാനിച്ചു. 37 പന്തിൽ 51 റൺസെടുത്ത ഓപണർ യശസ്വി ജയ്സ്വാളും 28 പന്തിൽ 51 റൺസെടുത്ത നിതീഷ് റാണയുമാണ് രാജസ്ഥാന് വിജയ പ്രതീക്ഷകൾ നൽകിയത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിനെ ഓപണർ അഭിഷേക് പുരേലും (49) കെ.എൽ.രാഹുലും (38) ചേർന്നാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ഓപണർ ഫ്രേസർ മെക്ഗർക് ഒൻപതും മൂന്നാമനായി ക്രീസിലെത്തിയ കരുൺ നായർ റൺസെടുക്കും മുൻപും പുറത്തായി. 14 പന്തിൽ 34 റൺസെടുത്ത അക്ഷർ പട്ടേലും പുറത്താകാതെ 34 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സും ഡൽഹി ഇന്നിങ്സിന് കരുത്തേകി. അശുദോഷ് ശർമ 15 റൺസെടുത്ത് പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റ് വീഴ്ത്തി.