ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ പഞ്ചാബ് കിങ്സിന് 37 റൺസ് ജയം
ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ പഞ്ചാബ് കിങ്സിന് 37 റൺസ് ജയം. പഞ്ചാബ് മുന്നോട്ടുവെച്ച 237 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്നോവിന് നിശ്ചിത ഓവറിൽ 199 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 236 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിൽ ലഖ്നോവിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യത സജീവമാക്കി. ആയുഷ് ബദോനിയാണ് ലഖ്നോവിന്റെ ടോപ് സ്കോറർ. 40 പന്തിൽ അഞ്ചു വീതം സിക്സും ഫോറുമടക്കം 74 റൺസെടുത്താണ് താരം പുറത്തായത്. അബ്ദുൽ സമദും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 24 പന്തിൽ 45 റൺസെടുത്തു.
മറ്റു ബാറ്റർമാർക്കൊന്നും തിളങ്ങാനായില്ല. നായകൻ ഋഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി. 17 പന്തിൽ 18 റൺസാണ് താരത്തിന്റെ സമ്പാദ്യം. എയ്ഡൻ മാർക്രം (10 പന്തിൽ 13), മിച്ചൽ മാർഷ് (പൂജ്യം), നിക്കോളാസ് പൂരൻ (അഞ്ചു പന്തിൽ ആറ്), ഡേവിഡ് മില്ലർ (എട്ടു പന്തിൽ 11) എന്നിവരാണ് പുറത്തായ താരങ്ങൾ. ആവേശ് ഖാൻ 10 പന്തിൽ 19 റൺസും പ്രിൻസ് യാദവ് ഒരു റണ്ണുമായും പുറത്താകാതെ നിന്നു. പഞ്ചാബിനായി അർഷ്ദീപ് സിങ് മൂന്നു വിക്കറ്റെടുത്തു. അസ്മത്തുല്ല ഉമർസായി രണ്ടും മാർകോ ജാൻസെൻ ഒരു വിക്കറ്റും നേടി.
നേരത്തെ, ഓപ്പണർ പ്രഭ്സിംറാൻ സിങ്ങിന്റെ വെടിക്കെട്ടാണ് പാഞ്ചാബിനെ വമ്പൻ സ്കോറിലെത്തിച്ചത്. ഒമ്പത് റൺസിനാണ് താരത്തിന് സെഞ്ച്വറി നഷ്ടമായത്. 48 പന്തിൽ ഏഴു സിക്സും ആറു ഫോറുമടക്കം 91 റൺസെടുത്താണ് താരം പുറത്തായത്. നായകൻ ശ്രേയസ് അയ്യർ 25 പന്തിൽ 45 റൺസെടുത്തു. ശശാങ്ക് സിങ് 15 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്നു. പ്രിയാൻഷ് ആര്യ (നാലു പന്തിൽ ഒന്ന്), ജോഷ് ഇംഗ്ലിഷ് (14 പന്തിൽ 30), നെഹൽ വധേര (ഒമ്പത് പന്തിൽ 16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. അഞ്ചു പന്തിൽ 15 റൺസുമായി മാർകസ് സ്റ്റോയിനിസ് പുറത്താകാതെ നിന്നു. ലഖ്നോവിനായി ആകാശ് സിങ്, ദിഗ്വേഷ് രഥി എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. പ്രിൻസ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.