റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെ അവരുടെ ഹോം ഗ്രൗണ്ടിൽ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് പഞ്ചാബ് കിങ്സ്
റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെ അവരുടെ ഹോം ഗ്രൗണ്ടിൽ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് പഞ്ചാബ് കിങ്സ്. 96 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് ബാറ്റർമാർ 12.1 ഓവറിൽ കളി തീർത്തു. 33* റൺസ് നേടിയ നേഹൽ വധേരയാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. സീസണിലെ അഞ്ചാം ജയത്തോടെ പോയിന്റ് പട്ടികയിൽ പഞ്ചാബ് രണ്ടാമതെത്തി. സ്കോർ: ആർ.സി.ബി – 14 ഓവറിൽ ഒമ്പതിന് 95, പഞ്ചാബ് കിങ്സ് – 12.1 ഓവറിൽ അഞ്ചിന് 98.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് മൂന്നാം ഓവറിൽ ഓപണർ പ്രഭ്സിമ്രാൻ സിങ്ങിനെ നഷ്ടമായി. ഒമ്പത് പന്തിൽ 13 റൺസാണ് താരത്തിന്റെ സമ്പാദ്യം. 10 റൺസ് കൂടി ചേർക്കുന്നതിനിടെ പ്രിയാൻഷ് ആര്യയും (11 പന്തിൽ 16) കൂടാരം കയറി. എട്ടാം ഓവറിൽ ടീം സ്കോർ 50 കടന്നതിനു പിന്നാലെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (7) വിക്കറ്റ് കീപ്പർക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഇതേ ഓവറിൽ ജോഷ് ഇംഗ്ലിസിനെ (17 പന്തിൽ 16) കൂടി മടക്കിയ ജോഷ് ഹെയ്സൽവുഡ്, വിക്കറ്റ് നേട്ടം മൂന്നാക്കി ഉയർത്തി. നാലിന് 53 എന്ന നിലയിൽ അൽപം പതറിയ പഞ്ചാബിനു മേൽ പിടിമുറുക്കാൻ ആർ.സി.ബി ബൗളർമാർ ശ്രമിച്ചെങ്കിലും ഫലം കാണാനായില്ല. അൽപം പതിഞ്ഞു തുടങ്ങിയ നേഹൽ വധേര താളം കണ്ടെത്തിയതോടെ കളി വീണ്ടും കിങ്സിന്റെ വരുതിയിലായി. ഒറ്റ റണ്ണുമായി ശശാങ്ക് സിങ് പുറത്തായെങ്കിലും മാർകസ് സ്റ്റോയിനിസിനെ കൂട്ടുപിടിച്ച് വധേര ടീമിനെ വിജയതീരമണച്ചു. 19 പന്തിൽ 33 റൺസുമായി വധേരയും ഏഴ് റൺസുമായി സ്റ്റോയിനിസും പുറത്താകാതെ നിന്നു.