പഞ്ചാബ് കിങ്സിന് സീസണിൽ ആദ്യത്തെ തോൽവി സമ്മാനിച്ച് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്
പഞ്ചാബ് കിങ്സിന് സീസണിൽ ആദ്യത്തെ തോൽവി സമ്മാനിച്ച് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. തുടർച്ചയായ മൂന്നാം വിജയം തേടിയെത്തിയ പഞ്ചാബ് കിങ്സിനെ 50 റൺസിനാണു രാജസ്ഥാൻ തകർത്തുവിട്ടത്. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. ആദ്യ മത്സരങ്ങൾക്കു പിന്നാലെ ശരാശരിയെന്ന് വിമർശകർ മാർക്കിട്ട ടീമിനെ വച്ചാണ് സഞ്ജു സാംസണെന്ന ക്യാപ്റ്റൻ ലേലത്തിൽ കോടികൾ വാരിയെറിഞ്ഞ് മോഹിച്ച താരങ്ങളെയെല്ലാം വാങ്ങിയ പഞ്ചാബിന് ഇരുട്ടടി നൽകിയത്. 41 പന്തിൽ 62 റൺസെടുത്ത നേഹൽ വധേരയാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 21 പന്തിൽ 30 റൺസെടുത്ത ഗ്ലെൻ മാക്സ്വെല്ലും തിളങ്ങി.മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് ബാറ്റിങ് നിര വിറച്ചുകൊണ്ടാണു തുടങ്ങിയത്.
ജോഫ്ര ആർച്ചറുടെ ആദ്യ പന്തിൽ തന്നെ പ്രിയാൻഷ് ആര്യ ബോൾഡായി. ഇതേ ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും (10) വീണതോടെ പഞ്ചാബ് പ്രതിരോധത്തിലായി. സ്കോർ 26 ൽ നിൽക്കെ മാർകസ് സ്റ്റോയ്സിനും 43ൽ പ്രബ്സിമ്രൻ സിങ്ങും വീണതോടെ കളി രാജസ്ഥാന്റെ കയ്യിലായെന്നു കരുതിയതാണ്. പക്ഷേ ഇന്ത്യൻ താരം നേഹൻ വധേരയും ഗ്ലെൻ മാക്സ്വെല്ലും കൈകോർത്തതോടെ കളി മാറി. 12.3 ഓവറിൽ പഞ്ചാബ് 100 പിന്നിട്ടു. മഹീഷ് തീക്ഷണയുടെ 15–ാം ഓവറിലെ അവസാന പന്തിൽ മാക്സ്വെൽ വീണതോടെയാണ് രാജസ്ഥാന് ആത്മവിശ്വാസം തിരിച്ചുകിട്ടിയത്. ശ്രീലങ്കന്‍ സ്പിന്നർ വാനിന്ദു ഹസരംഗയുടെ 15–ാം ഓവറിൽ നേഹല്‍ വധേര ധ്രുവ് ജുറേലിന്റെ കൈകളിലെത്തി. മധ്യഓവറുകളിൽ ബൗണ്ടറികള്‍ വഴങ്ങാതെ രാജസ്ഥാൻ ബോളർമാര്‍ പിടിച്ചുനിന്നതോടെ കളി നിയന്ത്രണത്തിലായി. അവസാന 12 പന്തിൽ 61 റൺസായിരുന്നു പഞ്ചാബിനു ജയിക്കാൻ വേണ്ടിയിരുന്നത്. വമ്പനടിക്കാരനായ ശശാങ്ക് സിങ് ക്രീസിലുണ്ടായിട്ടും പഞ്ചാബിന്റെ പോരാട്ടം 155 ൽ അവസാനിച്ചു. രാജസ്ഥാനു വേണ്ടി ജോഫ്ര ആർച്ചർ മൂന്നും സന്ദീപ് ശർമയും മഹീഷ് തീക്ഷണയും രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.